അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ നീക്കം; വളപട്ടണത്ത് മാത്രം 12 കേസുകള്‍

Police Grip കണ്ണൂര്‍: ഗുണ്ടാസംഘാംഗം അര്‍ജുന്‍ ആയങ്കിക്കെതിരെ കരിനിയമമായ കാപ്പ ചുമത്താന്‍ പൊലീസ് നീക്കം ആരംഭിച്ചു. കൊടും ക്രിമിനലാണെന്ന് ചൂണ്ടിക്കാട്ടി ഉടന്‍ തന്നെ ജില്ലാ കളക്ടര്‍ക്ക് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വളപട്ടണം പൊലീസ്…


Police Grip

കണ്ണൂര്‍: ഗുണ്ടാസംഘാംഗം അര്‍ജുന്‍ ആയങ്കിക്കെതിരെ കരിനിയമമായ കാപ്പ ചുമത്താന്‍ പൊലീസ് നീക്കം ആരംഭിച്ചു. കൊടും ക്രിമിനലാണെന്ന് ചൂണ്ടിക്കാട്ടി ഉടന്‍ തന്നെ ജില്ലാ കളക്ടര്‍ക്ക് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വളപട്ടണം പൊലീസ് സ്റ്റേഷനില്‍ മാത്രം 12 കേസുകള്‍ ഉള്‍പ്പെടെ ആകെ 23 ക്രിമിനല്‍ കേസുകളില്‍ അര്‍ജുന്‍ ആയങ്കി പ്രതിയാണെന്ന് എഡിജിപി പി. വിജയന്‍ വ്യക്തമാക്കി.

ഇയാള്‍ക്കെതിരെ ഗുരുതരമായ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമുള്ള കേസുകളും നിലവിലുണ്ട്. ദിവസങ്ങളോളം പൊലീസിനെ വെല്ലുവിളിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കണ്ണൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എഡിജിപി. 'പൊലീസിനെ വെല്ലുവിളിക്കുക എന്നത് അര്‍ജുന്‍ ആയങ്കിയുടെ വെറും തോന്നല്‍ മാത്രമാണ്. യഥാര്‍ത്ഥത്തില്‍ അത് സമൂഹത്തിനെതിരെയുള്ള വെല്ലുവിളിയാണ്' എന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഗുണ്ടകള്‍ക്കെതിരെ പൊലീസ് നടപ്പാക്കുന്ന 'ഓപ്പറേഷന്‍ ഗ്രിപ്പ്' ശക്തമായി തുടരുമെന്നും എഡിജിപി അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെയോടെ ഈ ദൗത്യത്തിന്റെ ഒരു ഘട്ടം പൂര്‍ത്തിയായെങ്കിലും നടപടികള്‍ തുടരും. സമൂഹമാധ്യമങ്ങളില്‍ ഒളിവില്‍ കഴിയുമ്പോള്‍ അര്‍ജുന്‍ ആയങ്കി നടത്തിയ പോസ്റ്റുകളും വെല്ലുവിളികളും കേവലം ഷോ മാത്രമാണെന്നും എഡിജിപി വിമര്‍ശിച്ചു.

ഇത്തരം പോസ്റ്റുകള്‍ക്ക് പിന്തുണ അറിയിക്കുകയും കമന്റുകള്‍ ഇടുകയും ചെയ്തവര്‍ക്കെതിരെ കര്‍ശന അന്വേഷണവും നിയമനടപടിയും ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 'കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുന്നവരെയും പൊലീസ് കണ്ടെത്തും.

സമൂഹത്തില്‍ സമാധാനം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി കുറ്റവാളികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കും' എന്ന് എഡിജിപി പി. വിജയന്‍ വ്യക്തമാക്കി. കണ്ണൂര്‍ ജില്ലയില്‍ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ഓപ്പറേഷന്‍ ഗ്രിപ്പിന്റെ ഭാഗമായി കൂടുതല്‍ പരിശോധനകളും അറസ്റ്റുകളും ഉണ്ടാകുമെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.

Police Grip

Comments (0)