ജനറല്‍ ആശുപത്രികളില്‍ 24 മണിക്കൂര്‍ ഡോക്ടര്‍ സേവനം ഉറപ്പാക്കും- മന്ത്രി കെ മുരളീധരന്‍
കോഴിക്കോട് : ഓരോ ജില്ലയിലെയും ജനറല്‍ ആശുപത്രിയില്‍ 24 മണിക്കൂര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിനും ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും ഉറപ്പാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.…

കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതിനും ആവശ്യമായ ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും നിയമിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു.
കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ (KUHS) സ്‌കൂൾ ഓഫ് ഫാമിലി ഹെൽത്ത് സ്റ്റഡീസിന്റെ (SFHS) പുതിയ കെട്ടിടം കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജ് ക്യാമ്പസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി സംസ്ഥാനത്തിന് പുറത്തേക്ക് പോകേണ്ട സാഹചര്യം ഒഴിവാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാണെന്നും അതിനാവശ്യമായ അവസരങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുക സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യവിദ്യാഭ്യാസ മേഖലയിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടപ്പാക്കിവരികയാണെന്നും പുതുതായി ആരംഭിച്ച സർക്കാർ മെഡിക്കൽ കോളജുകൾ ലക്ഷ്യമിട്ട രീതിയിൽ പ്രവർത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ രണ്ടാമത്തെ മെഡിക്കൽ കോളജ് ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ഒഴിവുകൾ ഉടൻ നികത്തുമെന്നും അദ്ദേഹം അറിയിച്ചു.
അഡ്വ. കെ. ജയന്ത് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ആരോഗ്യശാസ്ത്ര സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ ആമുഖപ്രഭാഷണം നടത്തി. പ്രോ വൈസ് ചാൻസലർ പ്രൊഫ. ഡോ. സി.പി. വിജയൻ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.ജി. സജീത് കുമാർ, പ്രൊഫ. ഡോ. ഗീത ഗോവിന്ദരാജ്, എക്സിക്യൂട്ടീവ് എൻജിനീയർ എൻ. ശ്രീജയൻ എന്നിവർ സംസാരിച്ചു.
സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് KUHS-ന്റെ നാലാമത്തെ അക്കാദമിക് വിഭാഗമായ സ്‌കൂൾ ഓഫ് ഫാമിലി ഹെൽത്ത് സ്റ്റഡീസ് പ്രവർത്തിക്കുന്നത്. കുട്ടികൾ, പ്രത്യുത്പാദന പ്രായത്തിലുള്ള സ്ത്രീകൾ, വയോജനങ്ങൾ തുടങ്ങിയ ആരോഗ്യപരമായി ദുർബല വിഭാഗങ്ങൾക്ക് ആവശ്യമായ അക്കാദമിക്, ഗവേഷണ, പരിശീലന പിന്തുണ നൽകുന്നതിൽ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കും.
കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജ് ക്യാമ്പസിൽ സർക്കാർ അനുവദിച്ച 50 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. സെല്ലാർ, ഗ്രൗണ്ട്, ഒന്നാം, രണ്ടാം നിലകൾ ഉൾപ്പെടുന്ന കെട്ടിടത്തിന് 2,250 ചതുരശ്ര മീറ്റർ വിസ്തീർണമുണ്ട്. കേരള പൊതുമരാമത്ത് വകുപ്പാണ് നിർമ്മാണം പൂർത്തിയാക്കിയത്.
Comments (0)