'ജിന്ന് മന്ത്രിച്ച പഴത്തിന് 2500 രൂപ'; സൂചി പ്രയോഗത്തിലൂടെ ലക്ഷങ്ങൾ തട്ടിയ തിരുനാവായയിലെ 'ജിൻ മഹർ' തട്ടിപ്പ് കേന്ദ്രം പൂട്ടിച്ച് നാട്ടുകാർ
Fraud Case Mahar Scam Police മലപ്പുറം: ( ) തിരുനാവായയിൽ 'ജിന്ന് മന്ത്രിച്ച പഴം' നൽകി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിവന്ന വ്യാജ ചികിത്സാകേന്ദ്രം നാട്ടുകാർ ഇടപെട്ട് പൂട്ടിച്ച് പോലീസിന് പരാതി നൽകി. തിരുനാവായ കൊടയ്ക്കലിൽ 'ജിൻ മഹർ' എന്ന പേരിൽ…

മലപ്പുറം: ( ) തിരുനാവായയിൽ 'ജിന്ന് മന്ത്രിച്ച പഴം' നൽകി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിവന്ന വ്യാജ ചികിത്സാകേന്ദ്രം നാട്ടുകാർ ഇടപെട്ട് പൂട്ടിച്ച് പോലീസിന് പരാതി നൽകി. തിരുനാവായ കൊടയ്ക്കലിൽ 'ജിൻ മഹർ' എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനമാണ് നാട്ടുകാർ തടഞ്ഞുനിർത്തി പൂട്ടിച്ചത്.
ആലപ്പുഴ സ്വദേശിയായ ജമാലുദ്ദീന്റെ നേതൃത്വത്തിലാണ് ജിന്നിനെ വിളിച്ചുവരുത്തി രോഗശാന്തി നൽകുമെന്നും ജിന്നിന്റെ ഉപദ്രവം ഒഴിപ്പിക്കുമെന്നും വാഗ്ദാനം ചെയ്ത് ഈ വ്യാജ ചികിത്സാകേന്ദ്രം പ്രവർത്തിച്ചിരുന്നത്. നാലുമാസം മുമ്പ് ആരംഭിച്ച ഈ സ്ഥാപനം തുടക്കത്തിൽ ആഴ്ചയിൽ ഒരു ദിവസമാണ് പ്രവർത്തിച്ചിരുന്നതെങ്കിലും പിന്നീട് വലിയ ജനത്തിരക്കാണ് ഇവിടെ അനുഭവപ്പെട്ടിരുന്നത്.
ജമാലുദ്ദീനെ കൂടാതെ 'ജിന്ന്' ആയി വേഷമിട്ട ഒരാളടക്കം മൂന്നു പേരാണ് ഈ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചിരുന്നത് എന്നാണ് വിവരങ്ങൾ വ്യക്തമാക്കുന്നത്. സ്പീക്കർ ബോക്‌സിലൂടെ അറബിയും ഉറുദുവും സംസാരിച്ചും, മുഖംമൂടി ധരിച്ച ഒരാളെ 'ജിന്ന്' ആയി അവതരിപ്പിച്ചുമാണ് ഇവർ ആളുകളെ വിശ്വസിപ്പിച്ചിരുന്നത്.
തുടർന്ന് ജിന്ന് മന്ത്രിച്ചൂതിയതെന്ന് അവകാശപ്പെടുന്ന ഏത്തപ്പഴം ലേലം വിളിച്ചാണ് ആളുകൾക്ക് നൽകിയിരുന്നത്. 1000 രൂപ മുതൽ 2500 രൂപ വരെ വാങ്ങിയാണ് ഇവർ ഈ പഴം വിറ്റിരുന്നത്. തൊലി കളയാതെ തന്നെ സൂചി ഉപയോഗിച്ച് ഉള്ളിലെ പഴം രണ്ടു കഷ്ണങ്ങളായി മുറിച്ചുവെക്കുന്ന മാജിക് വിദ്യയാണ് അത്ഭുതമെന്ന രീതിയിൽ ഇവർ കാണിച്ചിരുന്നത്.
സോഷ്യൽ മീഡിയയിലൂടെ ചിലർ ഈ തട്ടിപ്പിന്റെ ദൃശ്യങ്ങൾ പുറത്തുവിടുകയും കള്ളി വെളിച്ചത്താക്കുകയും ചെയ്തതോടെയാണ് വിവരങ്ങൾ പുറത്തറിയുന്നത്. ഇതിന് പിന്നാലെ സംഘടിച്ചെത്തിയ നാട്ടുകാർ കേന്ദ്രം പൂട്ടിക്കുകയും തിരുനാവായ പോലീസിലും മലപ്പുറം ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകുകയും ചെയ്യുകയായിരുന്നു.

Comments (0)