താമരശ്ശേരി ചുരത്തിലെ മൾട്ടി ആക്സിൽ ഭാരവാഹന നിയന്ത്രണം പാളുന്നു
താമരശ്ശേരി : കാലവർഷം കനക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി ദേശീയപാത 766-ലെ താമരശ്ശേരി ചുരത്തിൽ വലിയ മൾട്ടി ആക്സിൽ ഭാരവാഹനങ്ങൾക്ക് പകൽസമയത്ത് ഏർപ്പെടുത്തിയ കർശന നിയന്ത്രണം ഇടയ്ക്കിടെ…
താമരശ്ശേരി : കാലവർഷം കനക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി ദേശീയപാത 766-ലെ താമരശ്ശേരി ചുരത്തിൽ വലിയ മൾട്ടി ആക്സിൽ ഭാരവാഹനങ്ങൾക്ക് പകൽസമയത്ത് ഏർപ്പെടുത്തിയ കർശന നിയന്ത്രണം ഇടയ്ക്കിടെ പാളുന്നു.
നിയന്ത്രണപ്രഖ്യാപനത്തിനുശേഷമുള്ള ഒന്നരമാസത്തിനിടെ പോലീസ് ഇരുവശത്തും പരിശോധന ശക്തമാക്കി മൾട്ടി ആക്സിൽ ഭാരവാഹനനിയന്ത്രണം ഏറക്കുറെ പൂർണമായി നടപ്പാക്കിയിരുന്നു. എന്നാൽ, ചുരത്തിന് ഇരുവശവും പോലീസ് സംഘത്തിന്റെ സാന്നിധ്യമില്ലാതാവുന്ന തക്കംനോക്കി മൾട്ടി ആക്സിൽ ഭാരവാഹനങ്ങൾ, പ്രത്യേകിച്ച് അയൽസംസ്ഥാനങ്ങളിൽ നിന്നുള്ളവ പകൽസമയത്ത് ചുരത്തിലേക്ക് പ്രവേശിക്കുന്നത് തുടരുകയാണ്. ഇടറോഡുകളിലൂടെയെത്തി ചുരത്തിലേക്ക് എത്തുന്ന വിരുതരുമുണ്ട്.
നിയന്ത്രണത്തെക്കുറിച്ചറിഞ്ഞ് മൾട്ടി ആക്സിൽ ഭാരവാഹനങ്ങളിൽ നല്ലൊരുശതമാനവും പകൽസമയം ചുരം ഒഴിവാക്കി മറ്റ് ബദൽപ്പാതകൾ വഴിയാണ് സഞ്ചരിക്കുന്നത്. എന്നാൽ നിയന്ത്രണത്തെക്കുറിച്ചോ അറിവില്ലാതെയോ, അറിഞ്ഞുകൊണ്ടുതന്നെയോ മിക്ക ദിവസങ്ങളിലും ചുരംപാതയിലേക്ക് എത്തുകയും കടന്നുപോവുകയും ചെയ്യുന്ന മൾട്ടി ആക്സിൽ ഭാരവാഹനങ്ങളുമുണ്ട്. അടിവാരത്ത് അടിവാരം ഔട്ട് പോസ്റ്റിലെ പോലീസും ചുരംപാതാ മധ്യേ ഹൈവേ, ട്രാഫിക് പോലീസ് സംഘങ്ങളും ലക്കിടിയിൽ വൈത്തിരി പോലീസും ഹൈവേ പട്രോളിങ് യൂണിറ്റുമാണ് മൾട്ടി ആക്സിൽ ഭാരവാഹനങ്ങളെ നിയന്ത്രണസമയംവരെ തടഞ്ഞ് ചുരത്തിന് ഇരുവശത്തും പിടിച്ചിടുകയോ, വഴിതിരിച്ചുവിടുകയോ ചെയ്യുന്നത്. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് നിലവിൽ ഭാരവാഹനങ്ങൾ പോലീസ് തടയുന്നത്.
ആദ്യഘട്ടങ്ങളിൽ ചുരത്തിന്റെ ഇരുദിശകളിലും നിയന്ത്രണസമയമത്രയും പോലീസ് സംഘം നിലയുറപ്പിച്ച് പരിശോധന കർശനമാക്കിയിരുന്നെങ്കിലും പിന്നീട് ചില ദിവസങ്ങളിൽ ചില നേരങ്ങളിൽ പോലീസിന്റെ അസാന്നിധ്യമുണ്ടാവുന്നതാണ് നിയന്ത്രണലംഘനത്തിന് ഇടവരുത്തുന്നത്. വയനാട് ഭാഗത്താണ് നിയന്ത്രണത്തിനും പരിശോധനയ്ക്കും കൂടുതൽ അയവെന്നാണ് യാത്രക്കാരും പൊതുമരാമത്ത് ഉദ്യോഗസ്ഥരും പറയുന്നത്. ചുരത്തിൽ അപകടകരമായ മരങ്ങളും കൊമ്പുകളും വെട്ടിയൊഴിവാക്കാൻ തുടക്കമിട്ട ചൊവ്വാഴ്ചമാത്രം ഒട്ടേറെ മൾട്ടി ആക്സിൽ ഭാരവാഹനങ്ങളാണ് നിയന്ത്രണം ലംഘിച്ച് ലക്കിടിവഴിയെത്തി ചുരമിറങ്ങിയത്.
ഇപ്പോൾ അടിവാരത്ത് പരിശോധന നടത്തുന്നതായാണ് അടിവാരം ഔട്ട് പോസ്റ്റ് പോലീസ് പറയുന്നത്. എന്നാൽ, തടഞ്ഞ് മാറ്റിനിർത്തിയശേഷവും അല്ലാതെയും പോലീസിന്റെ കണ്ണുവെട്ടിച്ച് നീങ്ങുന്നതും നൂറാംതോട്, ചിപ്പിലിത്തോട് ഭാഗങ്ങളിലെ റോഡുകളിൽ നിന്നെത്തുന്നതുമായ ചില മൾട്ടി ആക്സിൽ ഭാരവാഹനങ്ങൾ പകൽ വിലക്ക് ലംഘിച്ച് കടന്നുപോകാറുണ്ട്. പകൽനേരത്തെ വിലക്ക് ലംഘിച്ച് ചുരം കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഭാരവാഹനങ്ങൾ വഴിമധ്യേ പട്രോളിങ്ങിനിടെ കണ്ടെത്തുമ്പോൾമാത്രം, അവയ്ക്ക് ഹൈവേ, ട്രാഫിക് പോലീസ് സംഘങ്ങൾ പിഴ ചുമത്തുന്നുണ്ട്.കാലവർഷം അവസാനിക്കുന്നതുവരെയോ അല്ലെങ്കിൽ അടുത്ത ഉത്തരവുണ്ടാകുന്നതുവരെയോ നിയന്ത്രണം തുടരുമെന്നായിരുന്നു ജില്ലാഭരണകൂടം അറിയിച്ചിരുന്നത്.
Comments (0)