എണ്ണവില കുതിക്കുന്നു; ഹോര്‍മുസ് കടന്നത് മൂന്ന് കപ്പലുകള്‍ മാത്രം

വാഷിങ്ടണ്‍: യുഎസ് ഇറാനുമേലുള്ള നാവിക ഉപരോധവും ആക്രമണവും ശക്തമാക്കിയതിന് പിന്നാലെ എണ്ണവില കുതിക്കുന്നു. രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡിന്റെ വില 85 ഡോളര്‍ പിന്നിട്ടു. 1.27 ശതമാനം നേട്ടത്തോടെയാണ് ബ്രെന്റ് ക്രൂഡിന്റെ വ്യാപാരം വിപണിയില്‍…

വാഷിങ്ടണ്‍: യുഎസ് ഇറാനുമേലുള്ള നാവിക ഉപരോധവും ആക്രമണവും ശക്തമാക്കിയതിന് പിന്നാലെ എണ്ണവില കുതിക്കുന്നു. രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡിന്റെ വില 85 ഡോളര്‍ പിന്നിട്ടു. 1.27 ശതമാനം നേട്ടത്തോടെയാണ് ബ്രെന്റ് ക്രൂഡിന്റെ വ്യാപാരം വിപണിയില്‍ പുരോഗമിക്കുന്നത്. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡും 80 ഡോളറിലേക്ക് അടുക്കുകയാണ്. 79.98 ഡോളറിലാണ് നിലവില്‍ വ്യാപാരം. 1.30 ശതമാനം നേട്ടമാണ് ഡബ്യുടിഐ ക്രൂഡിനുണ്ടായത്.

യുദ്ധസാഹചര്യം തന്നെയാണ് എണ്ണവില ഉയര്‍ത്തുന്ന പ്രധാനഘടകം. ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. 24 മണിക്കൂറിനിടെ മൂന്ന് കപ്പലുകള്‍ മാത്രമാണ് കടലിടുക്ക് കടന്നത്. യുദ്ധത്തിന് മുമ്പ് 110 കപ്പലുകള്‍ പ്രതിദിനം ഹോര്‍മുസ് കടലിടുക്ക് കടന്നിരുന്ന സ്ഥാനത്താണിത്.

അതേസമയം, രാജ്യാന്തര വിപണിയില്‍ ദീര്‍ഘകാലത്തേക്ക് എണ്ണവില ഉയര്‍ന്നിരിക്കില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇതൊരു താല്‍ക്കാലിക പ്രതിഭാസം മാത്രമാണ്. ഡോണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ വിലവര്‍ധനവ് തടയുമെന്നും വൈറ്റ്ഹൗസ് അവകാശപ്പെട്ടു.

ഇറാന്‍ നഗരങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം തുടര്‍ന്ന് യുഎസ്. തുടര്‍ച്ചയായ ആറാം ദിവസമാണ് യുഎസ് ഇറാന്റെ വിവിധ നഗരങ്ങളില്‍ ബോംബാക്രമണം നടത്തുന്നത്. ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതായും ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായുമാണ് ഇറാനിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

ആക്രമണത്തില്‍ ഇറാന്റെ തന്ത്രപ്രധാനമായ തുറമുഖ ന?ഗരമായ ബന്ദര്‍ അബ്ബാസിലെ കമ്മ്യൂണിക്കേഷന്‍ ടവര്‍ തകര്‍ന്നു. ഇറാന്‍ തിരിച്ചടി തുടരുകയാണ്. ഇറാന്‍-യുഎസ് സമാധാന കരാര്‍ തകര്‍ക്കാന്‍ ഇസ്രായേല്‍ ബോധപൂര്‍വ്വം ഇടപെട്ടതായി യുഎസ് വൈസ് പ്രസിഡന്റ് വെളിപ്പെടുത്തി.

അതേസമയം, ചെങ്കടല്‍ ഉപരോധിക്കാന്‍ യെമനിലെ വിമത ഗ്രൂപ്പായ ഹൂതികളോട് ആഹ്വാനം ചെയ്തിരിക്കുകയാണ് ഇറാന്‍. ചെങ്കടലിലെ പ്രധാന പാതയായ ബാബ് അല്‍-മന്ദാബ് തടയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് ഇപ്പോള്‍ പൂര്‍ണമായും നിശ്ചലമായ അവസ്ഥയിലാണ്. ഇറാനിലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണം അമേരിക്ക തുടരുകയാണ്.

Comments (0)