നീലേശ്വരം തൈക്കടപ്പുറത്ത് കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

നീലേശ്വരം: നീലേശ്വരം തൈക്കടപ്പുറത്ത് കടലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. തൈക്കടപ്പുറം സ്റ്റോർ കവല എ.വി. ഹൗസിൽ എ.വി. അജ്മൽ (21) ആണ് കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് കടലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ടത്.…

നീലേശ്വരം: നീലേശ്വരം തൈക്കടപ്പുറത്ത് കടലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. തൈക്കടപ്പുറം സ്റ്റോർ കവല എ.വി. ഹൗസിൽ എ.വി. അജ്മൽ (21) ആണ് കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് കടലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ടത്.

തൈക്കടപ്പുറത്തു നിന്നും മത്സ്യബന്ധനത്തിന് പോയ 'ഗ്രാന്മ ഫൈബർ' വള്ളത്തിലെ മത്സ്യത്തൊഴിലാളികളാണ് രാവിലെ 6:15 ഓടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് അവർ ഉടൻ തന്നെ കോസ്റ്റൽ പൊലീസിനെ വിവരമറിയിക്കുകയും, പൊലീസിന്റെ നിർദ്ദേശപ്രകാരം തൊഴിലാളികൾ തന്നെ മൃതദേഹം കരയിലെത്തിക്കുകയുമാണ് ചെയ്തത്.

അപകടത്തെ തുടർന്ന് ഫിഷറീസിന്റെയും തീരദേശ പൊലീസിന്റെയും രക്ഷാബോട്ടുകൾ ഉടൻ തന്നെ തിരച്ചിലിനിറങ്ങിയിരുന്നു. എന്നാൽ, മൂന്ന് ദിവസം തുടർച്ചയായി തിരച്ചിൽ നടത്തിയിട്ടും മൃതദേഹം കണ്ടെത്താൻ സാധിച്ചിരുന്നില്ല. കോസ്റ്റ് ഗാർഡിന്റെ സഹായം തേടിയിരുന്നെങ്കിലും കൃത്യമായ സഹായം ലഭിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. തൈക്കടപ്പുറം സി റോഡ് കടപ്പുറത്ത് താമസിക്കുന്ന കാലിച്ചാനടുക്കം ഹനീഫയുടെയും റഹ്മത്തിന്റെയും മകനാണ് അജ്മൽ.

അതേസമയം, കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെത്തിച്ച മൃതദേഹം ആംബുലൻസിനായി ഒരു മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. മത്സ്യത്തൊഴിലാളി യൂണിയൻ സി.ഐ.ടി.യു. ജില്ലാ ജോയിന്റ് സെക്രട്ടറി സ്വാമിക്കുട്ടി, വിജേഷ്, സനേഷ്, സിദ്ദിഖ്, ഉത്തമൻ, ഫാറൂഖ്, ബാലകൃഷ്ണൻ, സതീശൻ തുടങ്ങിയ എട്ട് തൊഴിലാളികളാണ് മൃതദേഹം കണ്ടെടുത്ത സംഘത്തിലുണ്ടായിരുന്നത്.

Comments (0)