ഖാർഗ് ദ്വീപിൽ എണ്ണ ടാങ്കറിന് നേരെ യുഎസ് ആക്രമണം; അമേരിക്കൻ യുദ്ധക്കപ്പലിന് നേരെ മിസൈലയച്ച് ഇറാന്റെ തിരിച്ചടി

തെഹ്‌റാൻ: പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധസമാനമായ സാഹചര്യവും സംഘർഷവും കൂടുതൽ രൂക്ഷമാകുന്നു. ഖാർഗ് ദ്വീപിൽ ഇറാന്റെ എണ്ണ ടാങ്കറിന് നേരെ അമേരിക്കൻ സേന ആക്രമണം നടത്തി. ഇതിന് തിരിച്ചടിയായി മേഖലയിൽ നിലയുറപ്പിച്ച അമേരിക്കൻ…

തെഹ്‌റാൻ: പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധസമാനമായ സാഹചര്യവും സംഘർഷവും കൂടുതൽ രൂക്ഷമാകുന്നു. ഖാർഗ് ദ്വീപിൽ ഇറാന്റെ എണ്ണ ടാങ്കറിന് നേരെ അമേരിക്കൻ സേന ആക്രമണം നടത്തി. ഇതിന് തിരിച്ചടിയായി മേഖലയിൽ നിലയുറപ്പിച്ച അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ സേനബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു. മധ്യസ്ഥ നീക്കങ്ങൾ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ ഇരുരാജ്യങ്ങളും കൂടുതൽ ആക്രമണങ്ങളിലേക്ക് കടക്കുന്നത് മേഖലയിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

രണ്ട് അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ നിരവധി ബാലിസ്റ്റിക് മിസൈലുകൾ അയച്ചതായും കപ്പലുകൾക്ക് വലിയ തോതിൽ നാശനഷ്ടം വരുത്തിയതായും ഇറാൻ വ്യക്തമാക്കുന്നു. കൂടാതെ ജോർദാനിലെ വിവിധ യുഎസ് കേന്ദ്രങ്ങൾക്ക് നേരെയും ഇറാന്റെ അതിശക്തമായ പ്രത്യാക്രമണം തുടരുകയാണ്. ഏതാണ്ട് ഇരുപതിലധികം ബാലിസ്റ്റിക് മിസൈലുകൾ തങ്ങൾക്ക് നേരെ പതിച്ചതായി ജോർദാനും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങളുടെ യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് പകരമായാണ് എണ്ണക്കപ്പലുകൾക്ക് നേരെ തിരിച്ചടിച്ചത് എന്നാണ് അമേരിക്കയുടെ വാദം. ഇതിനുപുറമെ, ജാസ്ക് നഗരത്തിൽ വാണിജ്യ കപ്പലിന് നേർക്ക് അമേരിക്ക ആക്രമണം നടത്തിയതായി ഇറാൻ ടിവിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഹോർമുസ് കടലിടുക്കിൽ തങ്ങളുടെ ഒരു ഡ്രോൺ അന്തർവാഹിനി സാങ്കേതിക തകരാർ കാരണം തകർന്നതാണെന്ന് അമേരിക്ക വിശദീകരിക്കുമ്പോൾ, ഇത് തങ്ങൾ പിടിച്ചെടുത്തതാണെന്നും അമേരിക്കയുടെ എംക്യു-1 (MQ-1) ഡ്രോൺ തകർത്തതായും ഇറാൻ അവകാശപ്പെടുന്നു. യുഎസ് സെൻട്രൽ കമാൻഡ് ആദ്യം ഈ വാർത്ത നിഷേധിച്ചിരുന്നെങ്കിലും പിന്നീട് ഡ്രോൺ തകർന്ന കാര്യം സ്ഥിരീകരിക്കുകയായിരുന്നു. അതിനിടെ, ഇറാൻ എയർലൈൻസ് ഉൾപ്പെടെ 36 സ്ഥാപനങ്ങൾക്ക് മേൽ അമേരിക്ക പുതിയ ഉപരോധം പ്രഖ്യാപിച്ചു. ഇറാനുമേൽ ഏർപ്പെടുത്തിയ ഉപരോധ നടപടികൾ പ്രതീക്ഷിച്ചതിലേറെ ഫലപ്രദമാണെന്നും ആണവായുധം സ്വന്തമാക്കാൻ ഒരു നിലയ്ക്കും ഇറാനെ അനുവദിക്കില്ലെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

തങ്ങളുടെ എണ്ണക്കപ്പലുകൾക്ക് നേരെയോ താൽപ്പര്യങ്ങൾക്ക് നേരെയോ ഇനിയും അമേരിക്കയുടെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടായാൽ സമാനമായ രീതിയിലോ അതിലും കവിഞ്ഞ തോതിലോ തിരിച്ചടിക്കുമെന്ന് ഐആർജിസി അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മേഖലയിലെ അമേരിക്കൻ കേന്ദ്രങ്ങൾക്കെതിരെ അതിശക്തമായി ആഞ്ഞടിക്കുമെന്നാണ് താക്കീത്. ഇതോടൊപ്പം ഹോർമുസ്-ഗൾഫ് മേഖലയിലുള്ള കുവൈത്ത്, ബഹ്റൈൻ കപ്പലുകൾ ഉടൻ പിൻവാങ്ങണമെന്ന് കപ്പലുകളിലെ ജീവനക്കാർക്കും ഇറാൻ സേന കർശന നിർദേശം നൽകിയിട്ടുണ്ട്.



മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നത് ഗൾഫ് രാജ്യങ്ങൾക്കും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സ്ഥിതിഗതികൾ ലഘൂകരിക്കുന്നതിനായി സാധ്യമായ ഇടപെടലുകൾ നടത്താൻ ഒരുക്കമാണെന്ന് ചൈനയും റഷ്യയും അറിയിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ മധ്യസ്ഥ നീക്കങ്ങളോട് അനുകൂലമായി പ്രതികരിക്കാൻ ഇറാനോ അമേരിക്കയോ തയ്യാറായിട്ടില്ല എന്നത് യുദ്ധഭീതി കൂടുതൽ വർധിപ്പിക്കുകയാണ്

Comments (0)