വ്യാജ ആധാറുമായി കണ്ണൂരിൽ അഞ്ച് ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ
കണ്ണൂർ: വ്യാജ ആധാർ കാർഡുമായി കണ്ണൂരിൽ അഞ്ച് ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ സ്പായിൽ ജോലി ചെയ്തിരുന്നവരാണ് പിടിയിലായത്. പിടിയിലായ അഞ്ച് പേരും യുവതികളാണ്. സലീന അക്തർ (29), നസ്മ അക്തർ (40), തസ്ലിമ ഖാത്തൂൺ (25),…
കണ്ണൂർ: വ്യാജ ആധാർ കാർഡുമായി കണ്ണൂരിൽ അഞ്ച് ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ സ്പായിൽ ജോലി ചെയ്തിരുന്നവരാണ് പിടിയിലായത്. പിടിയിലായ അഞ്ച് പേരും യുവതികളാണ്.
സലീന അക്തർ (29), നസ്മ അക്തർ (40), തസ്ലിമ ഖാത്തൂൺ (25), മൊയ്ന ഖാത്തൂൺ (29), നസ്രിൻ ഭീബി (30) എന്നിവരാണ് അറസ്റ്റിലായത്.
സെപ്റ്റംബർ 14ന് സലീനയെ ആണ് ആദ്യം കസ്റ്റഡിയിലെടുത്തത്. മസാജിങ് സെന്ററിൽ നടത്തിയ പരിശോധനയിൽ പാസ്പോർട്ടോ വിസയോ ഇന്ത്യയിൽ താമസിക്കാനുള്ള മറ്റ് രേഖകളോ ഹാജരാക്കാൻ ഇവർക്ക് കഴിഞ്ഞില്ല. മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ബംഗ്ലാദേശ് സർക്കാർ നൽകിയ നാഷണൽ ഐഡി കാർഡിന്റെ ചിത്രം കണ്ടെത്തി. ചോദ്യം ചെയ്യലിലാണ് മറ്റ് നാല് പേരെക്കുറിച്ച് വിവരം ലഭിച്ചത്.
തുടർന്ന് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നിർദേശപ്രകാരം എസ്ഐ ടി.കെ. അഖിലും സംഘവും എളയാവൂരിലെ സാധു ബീഡി കമ്പനി റോഡിന് സമീപത്തെ വാടക ക്വാർട്ടേഴ്സിൽ നിന്നാണ് നാല് പേരെ പിടികൂടിയത്.
പശ്ചിമബംഗാൾ വഴി അനധികൃതമായി അതിർത്തി കടന്നെത്തി അവിടെ നിന്ന് വ്യാജ ആധാർ കാർഡും സിം കാർഡും സംഘടിപ്പിച്ചാണ് ഇവർ കേരളത്തിലെത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ബംഗാൾ സ്വദേശികളെന്ന വ്യാജേനയാണ് ജോലിയിൽ പ്രവേശിച്ചത്. ജൂലൈ അവസാനത്തോടെയാണ് ഇവർ കേരളത്തിലെത്തിയത്.
മുംബൈ കേന്ദ്രീകരിച്ചുള്ള ഏജന്റുമാർ വഴിയാണ് റിക്രൂട്ട്മെന്റ് നടക്കുന്നതെന്നും അന്വേഷണം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ ബി.വി. വിജയ് ഭരത് റെഡ്ഡി അറിയിച്ചു.
Comments (0)