താക്കീതായി വൻ ബഹുജന റാലി, അണിനിരന്നത് ആയിരങ്ങൾ: ‘മാധ്യമം’ മാനേജ്മെന്റ് തൊഴിലാളി പ്രസ്ഥാനങ്ങളെ അപമാനിക്കുന്നു: ആർ. ചന്ദ്രശേഖരൻ
Salary Dispute Union Protest Chandrasekharan Salary കോഴിക്കോട്: ശമ്പളസമരം ഒത്തുതീർക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ‘മാധ്യമം’ ദിനപത്രത്തിന്റെ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ വിവിധ ട്രേഡ് യൂണിയൻ പ്രവർത്തകരും…
Salary Dispute Union Protest Chandrasekharan Salary
കോഴിക്കോട്: ശമ്പളസമരം ഒത്തുതീർക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ‘മാധ്യമം’ ദിനപത്രത്തിന്റെ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ വിവിധ ട്രേഡ് യൂണിയൻ പ്രവർത്തകരും ബഹുജനങ്ങളുമടക്കം ആയിരങ്ങൾ അണിനിരന്നു. വെള്ളിമാടുകുന്നിൽ നിന്നാരംഭിച്ച മാർച്ച് മാനേജ്മെന്റിനുള്ള താക്കീതായി മാറിയെന്ന് നേതാക്കൾ പറഞ്ഞു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡണ്ട് ആർ. ചന്ദ്രശേഖരൻ മാർച്ച് ഉദ്ഘാടനം ചെയ്തു.
ജീവനക്കാർക്ക് ജോലി ചെയ്തതിന്റെ ശമ്പളം നൽകാത്തത് ന്യായീകരിക്കാനാകില്ലെന്ന് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. തൊഴിലാളി പ്രസ്ഥാനങ്ങളെ ആക്ഷേപിക്കുന്നതിനും അപമാനിക്കുന്നതിനും ശ്രമിക്കുന്ന മാനേജ്മെന്റാണ് ‘മാധ്യമ’ത്തിന്റേതെന്നും അദ്ദേഹം ആരോപിച്ചു. ശമ്പളം നൽകാതിരിക്കാനുള്ള മാർഗങ്ങൾ തേടുന്ന നിലയിലേക്കാണ് സ്ഥാപനം പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു പത്രത്തിന്റെ മാനേജ്മെന്റിന് വരുമാനം വർധിപ്പിക്കാൻ പല വഴികളുണ്ടെന്നും മറ്റ് പത്രങ്ങൾ അത്തരത്തിലാണ് പ്രവർത്തിക്കുന്നതെന്നും ആർ. ചന്ദ്രശേഖരൻ പറഞ്ഞു. പത്രം നടത്തുകയും എന്നാൽ ജീവനക്കാർക്ക് ശമ്പളം നൽകാതിരിക്കുകയും ചെയ്യുന്ന സമീപനം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ അപൂർവമായി ഉണ്ടാകുന്ന തൊഴിൽ തർക്കമാണ് ‘മാധ്യമത്തിലേതെന്നും അദ്ദേഹം പറഞ്ഞു.
തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ എല്ലാ വഴികളും തേടിയിട്ടും മാനേജ്മെന്റ് അതിന് ചെവികൊടുത്തില്ലെന്നും ആർ. ചന്ദ്രശേഖരൻ ആരോപിച്ചു. ഓണത്തിന് ഭിക്ഷ പോലെ 5,000 രൂപ നൽകാമെന്നാണ് മാനേജ്മെന്റ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. മാനേജ്മെന്റ് എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം കാണണമെന്നും ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശമ്പളം നൽകാത്ത സാഹചര്യം തൊഴിലാളി പ്രസ്ഥാനം അംഗീകരിക്കില്ലെന്നും ശമ്പളം നൽകാത്ത ഒത്തുതീർപ്പിനില്ലെന്നും ആർ. ചന്ദ്രശേഖരൻ പറഞ്ഞു. സമരത്തിന് ഐ.എൻ.ടി.യു.സിയുടെ സമ്പൂർണ പിന്തുണയുണ്ടെന്നും ഇത് നീട്ടിക്കൊണ്ടുപോകാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റ് മാർഗമില്ലാതെ ജീവനക്കാരോട് രാജിവെച്ച് പോകാൻ പറയുന്നത് മനുഷ്യത്വവിരുദ്ധവും നിയമവിരുദ്ധവുമാണെന്നും അദ്ദേഹം ആരോപിച്ചു.
മാധ്യമം ജീവനക്കാർ കൂലി ലഭിക്കാതിരുന്നിട്ടും ജോലി ചെയ്ത് പത്രധർമം മനസ്സിലാക്കുന്നവരാണെന്ന് സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.എൻ. ഗോപിനാഥ് പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് പോലും രാജ്യത്ത് തൊഴിലാളികൾക്ക് ഇത്രയും ഗതികേട് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐ.എൻ.ടി.യു.സി ജില്ല പ്രസിഡണ്ട് കെ. രാജീവ് അധ്യക്ഷത വഹിച്ചു. ‘മാധ്യമം’ സി.ഇ.ഒയേക്കാൾ സ്ഥാപനം നിലനിൽക്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നവരാണ് ഇവിടത്തെ തൊഴിലാളികളെന്ന് അദ്ദേഹം പറഞ്ഞു. ആ തൊഴിലാളികളോടാണ് സി.ഇ.ഒ അനീതി ചെയ്യുന്നതെന്നും സി.ഇ.ഒയെ പുറത്താക്കി ‘മാധ്യമത്തെ’ രക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ പി.കെ. നാസർ (എ.ഐ.ടി.യു.സി), എൻ.കെ.സി. ബഷീർ (എസ്.ടി.യു), ടോമി മാത്യു (എച്ച്.എം.എസ്), ഒ.കെ. സത്യ (സേവ), പി.കെ. സന്തോഷ്, സി.എൻ. ശിവദാസ് (എച്ച്.എൻ.കെ.പി), കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് കെ.പി. റെജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, കെ.എൻ.ഇ.എഫ് ജനറൽ സെക്രട്ടറി ജെയ്സൺ മാത്യു എന്നിവർ സംസാരിച്ചു.
സി.ഐ.ടി.യു ജില്ല പ്രസിഡണ്ട് മാമ്പറ്റ ശ്രീധരൻ സ്വാഗതവും ഫസലുറഹ്മാൻ നന്ദിയും പറഞ്ഞു. സി.പി.ഐ ജില്ല സെക്രട്ടറി പി. ഗവാസ്, കേരള പത്രപ്രവർത്തക യൂണിയൻ ജില്ല പ്രസിഡണ്ട് ഇ.പി. മുഹമ്മദ്, സെക്രട്ടറി പി.കെ. സജിത്ത്, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ എം.പി. പത്മനാഭൻ, എ.ടി. അബ്ദു, ഇ.സി. സതീശൻ, സി.പി. സദാനന്ദൻ, ഷാജി, ചാലിൽ മൊയ്തീൻ കോയ എന്നിവരും നാട്ടുകാരും കേരള പത്രപ്രവർത്തക യൂണിയനിലെയും കെ.എൻ.ഇ.എഫിലെയും അംഗങ്ങളും മാർച്ചിൽ പങ്കെടുത്തു.
English Summary:
Thousands of trade union activists and members of the public participated in a march to the Madhyamam newspaper headquarters in Kozhikode, demanding a settlement to the salary dispute. INTUC state president R. Chandrasekharan inaugurated the march and alleged that the management was refusing to pay employees for their work. Other trade union leaders also addressed the gathering and expressed support for the employees’ protest.
Salary Dispute Union Protest Chandrasekharan Salary
Comments (0)