സ്കൂൾ വിനോദ-പഠനയാത്രകളിൽ സാമ്പത്തിക ചൂഷണം പാടില്ല: കർശന മാർഗ നിർദ്ദേശങ്ങളുമായി പൊതു വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം:സ്കൂളുകളിൽ പഠനയാത്രകളും വ്യക്തിഗത ആഘോഷങ്ങളും സംഘടിപ്പിക്കുന്നത് സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്നതിനെ തുടർന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. പഠനയാത്രകൾ എല്ലാ കുട്ടികൾക്കും പ്രാപ്യമായ…

തിരുവനന്തപുരം:സ്കൂളുകളിൽ പഠനയാത്രകളും വ്യക്തിഗത ആഘോഷങ്ങളും സംഘടിപ്പിക്കുന്നത് സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്നതിനെ തുടർന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

പഠനയാത്രകൾ

എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ വേണം യാത്രയ്ക്കുള്ള തുക നിശ്ചയിക്കാൻ. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഒരു കുട്ടിയെയും യാത്രാപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ പാടില്ല. ഏതെങ്കിലും കുട്ടിക്ക് സൗജന്യമായി യാത്രയിൽ ഇളവ് നൽകുന്ന പക്ഷം ആ വിവരം മറ്റ് കുട്ടികൾ അറിയാത്ത രീതിയിൽ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

അധ്യാപകരുടെ ചെലവ്

പഠനയാത്രയോടൊപ്പം അനുഗമിക്കുന്ന അധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യാത്രാ ചെലവ് കുട്ടികളിൽ നിന്ന് ഈടാക്കാൻ പാടില്ലാത്തതാണ്.

ആഘോഷങ്ങൾ

സ്കൂളുകളിൽ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും ജന്മദിനം പോലുള്ള വ്യക്തിഗത ആഘോഷങ്ങൾ പരമാവധി ഒഴിവാക്കണം. നടത്തുന്ന പക്ഷം അതിന്റെ സാമ്പത്തിക ബാധ്യത കുട്ടികൾക്കോ രക്ഷിതാക്കൾക്കോ ഉണ്ടാകാത്ത രീതിയിൽ സ്കൂൾ അധികാരികൾ ശ്രദ്ധിക്കേണ്ടതുമാണ്.

മുകളിൽ സൂചിപ്പിച്ച നിർദേശങ്ങൾ സിബിഎസ്ഇ, ഐസിഎസ്ഇ ഉൾപ്പെടെയുള്ള എല്ലാ സ്കൂളുകൾക്കും ഈ നിർദ്ദേശങ്ങൾ ബാധകമാണ്.

നിലവിലെ പ്രധാന പരാതികൾ

നിലവിലുള്ള നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി സ്കൂളുകളിൽ വൻ തുക ഈടാക്കി പഠനയാത്രകൾ സംഘടിപ്പിക്കുന്നു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഈ തുക നൽകാൻ കഴിയാതെ വരുന്നത് അവരിൽ മാനസിക പ്രയാസങ്ങൾ ഉണ്ടാക്കുന്നു.

സ്കൂളുകളിൽ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും ജന്മദിനം പോലുള്ള ആഘോഷങ്ങൾ നടത്തുമ്പോൾ സമ്മാനങ്ങൾ നൽകാൻ കുട്ടികളെ നിർബന്ധിക്കുകയും, സമ്മാനങ്ങൾ കൊണ്ടുവരാത്ത കുട്ടികളെ വേർതിരിച്ചു കാണുന്ന പ്രവണതയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

Comments (0)