സിന്നാർ കരാർ ഒപ്പിടാൻ കെഎസ്ഇബിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ സിന്നാർ താപവൈദ്യുതി നിലയവുമായി കരാർ ഒപ്പിടാൻ കെഎസ്ഇബിക്ക് മുഖ്യമന്ത്രിയുടെ നിർദേശം. പവർ പർച്ചേസ് എഗ്രിമെന്റ് അയച്ചുകൊടുത്തിട്ടും കരാർ ഒപ്പിടാതെ കെഎസ്ഇബി മുന്നോട്ടുപോകുന്നത് മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.…

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ സിന്നാർ താപവൈദ്യുതി നിലയവുമായി കരാർ ഒപ്പിടാൻ കെഎസ്ഇബിക്ക് മുഖ്യമന്ത്രിയുടെ നിർദേശം. പവർ പർച്ചേസ് എഗ്രിമെന്റ് അയച്ചുകൊടുത്തിട്ടും കരാർ ഒപ്പിടാതെ കെഎസ്ഇബി മുന്നോട്ടുപോകുന്നത് മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.

കുറഞ്ഞ ചിലവിൽ വൈദ്യുതി ലഭിക്കുന്ന കരാർ ഒപ്പിടുന്നതിൽ അമാന്തം കാണിച്ചതിൽ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും ഡൽഹിയിലെത്തി എൻടിപിസി ചെയർമാനുമായി സംസാരിച്ചതിനെ തുടർന്നാണ് തീരുമാനമായത്. യൂണിറ്റിന് 5.18 രൂപയ്ക്ക് 540 മെഗാവാട്ട് വൈദ്യുതി ഉറപ്പാക്കുന്നതാണ് കരാർ.

അതേസമയം, നവംബറിലും ഡിസംബറിലും വൈദ്യുതി പ്രതിസന്ധിയില്ലെന്ന കെഎസ്ഇബിയുടെ പുതിയ റിപ്പോർട്ട് പരിഗണിച്ച് ഹിമാചലിൽ നിന്നോ ജിഎൻഎയിൽ നിന്നോ തൽക്കാലം വൈദ്യുതി വാങ്ങില്ലെന്നും തീരുമാനമായിട്ടുണ്ട്.

അതേസമയം, നവംബറിൽ വൈദ്യുതി പ്രതിസന്ധിയെന്ന റിപ്പോർട്ടിൽ കടുത്ത നടപടിയെടുക്കാനൊരുങ്ങുകയാണ് മുഖ്യമന്ത്രി. നവംബറിൽ പ്രതിസന്ധിയുണ്ടെന്ന റിപ്പോർട്ട് വന്നതെങ്ങനെയെന്ന് പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മുൻ കെഎസ്ഇബി ചെയർമാൻ എം.ജി രാജമാണിക്യമാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകിയത്. പുതിയ ഊർജ സെക്രട്ടറിക്കും കെഎസ്ഇബി ചെയർമാനുമാണ് നിർദേശം നൽകിയത്.

മുഖ്യമന്ത്രിയിൽ സമ്മർദം ചെലുത്തി ഹിമാചൽ വൈദ്യുതി വാങ്ങാൻ ശ്രമം നടന്നോയെന്ന സംശയവും നിലനിൽക്കുന്നുണ്ട്. അതേസമയം, നവംബർ-ഡിസംബർ മാസങ്ങളിൽ വൈദ്യുതി പ്രതിസന്ധിയില്ലെന്ന് പുതിയ കെഎസ്ഇബി ചെയർമാൻ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റ് മാസങ്ങളിലേക്കുള്ള തയ്യാറെടുപ്പുമായി മുന്നോട്ടുപോകാനും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

Comments (0)