അധ്യാപികമാര്‍ പ്രതികളായ വടകര ലഹരിക്കേസ്: പഴുതടച്ച അന്വേഷണത്തിന് പൊലീസ്
വടകര: അധ്യാപികമാര്‍ പ്രതികളായ വടകരയിലെ മയക്കുമരുന്ന് കേസില്‍ പഴുതടച്ച അന്വേഷണത്തിന് കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി മെറിന്‍ ജോസഫ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കാന്‍ ഉത്തരവിട്ടു. കേസിലെ ഇതുവരെയുള്ള അന്വേഷണ പുരോഗതി…
വടകര: അധ്യാപികമാര്‍ പ്രതികളായ വടകരയിലെ മയക്കുമരുന്ന് കേസില്‍ പഴുതടച്ച അന്വേഷണത്തിന് കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി മെറിന്‍ ജോസഫ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കാന്‍ ഉത്തരവിട്ടു. കേസിലെ ഇതുവരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്തിയ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ടി. ഉത്തംദാസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഈ കേസില്‍ നിരവധി പേര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തെ തുടര്‍ന്നാണ് വടകര സിഐ എ.വി. ദിനേശന്റെ നേതൃത്വത്തില്‍ 10 അംഗ എസ്‌ഐടിക്ക് രൂപം നല്‍കിയത്. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍, ജില്ലാ നാര്‍ക്കോട്ടിക് സെല്‍, സൈബര്‍ സെല്‍, വടകര, എടച്ചേരി, പയ്യോളി സ്റ്റേഷനുകളിലെ തിരഞ്ഞെടുത്ത ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് എസ്‌ഐടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
നിലവില്‍ റിമാന്‍ഡിലുള്ള മൂന്ന് പ്രതികളെയും കോടതിയുടെ അനുമതിയോടെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വാങ്ങി എസ്‌ഐടി വിശദമായി ചോദ്യം ചെയ്യും. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനൊപ്പം പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ച മുഴുവന്‍ പേരെയും കണ്ടെത്താനും അന്വേഷണം നടത്തും. അവര്‍ക്ക് മയക്കുമരുന്ന് കച്ചവടവുമായി നേരിട്ട് ബന്ധമുണ്ടോ എന്നും പരിശോധിക്കും.
പ്രതികളുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വിശദമായി പരിശോധിച്ച് കേസില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളെ കൂടി അറസ്റ്റ് ചെയ്യാന്‍ ജില്ലാ പൊലീസ് മേധാവി എസ്‌ഐടിക്ക് നിര്‍ദ്ദേശം നല്‍കി. അടുത്തിടെ കോഴിക്കോട് റൂറല്‍ പരിധിയില്‍ പിടികൂടിയ വന്‍തോതിലുള്ള ലഹരി ഇടപാടുകളിലെ പ്രതികളുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. 'ഓപ്പറേഷന്‍ തൂഫാന്‍' ന്റെ ഭാഗമായി കഴിഞ്ഞ ഒന്നര മാസത്തിനിടെ കോഴിക്കോട് റൂറല്‍ ജില്ലയില്‍ മയക്കുമരുന്ന് പിടികൂടി 367 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 393 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
Comments (0)