അധ്യാപികമാരുടെ ലഹരിക്കേസ്: കേന്ദ്ര ഏജന്‍സി അന്വേഷണം വേണമെന്ന് ബിജെപി
പേരാമ്പ്രയിൽ എംഡിഎംഎ കേസ്: കേന്ദ്ര ഏജൻസി അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധ മാർച്ച്
പേരാമ്പ്ര: പേരാമ്പ്ര ബി.ആർ.സി-യിലെ മൂന്ന് അധ്യാപികമാരെ എംഡിഎംഎ കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി പേരാമ്പ്ര മണ്ഡലം കമ്മിറ്റി ബി.ആർ.സി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടാണ് മാർച്ച് സംഘടിപ്പിച്ചത്.
പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് ബി.ജെ.പി മേഖല ജനറൽ സെക്രട്ടറി എം. മോഹനൻ പറഞ്ഞു, സംഭവത്തിന്റെ പിന്നിൽ വലിയ സാമ്പത്തിക ഇടപാടുകളും വിദേശ ബന്ധങ്ങളും ഉണ്ടായിരിക്കാമെന്ന ശക്തമായ സംശയമുണ്ടെന്ന്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിൽ കോടികൾ വരവായി എത്തിയതായും, പോലീസ് അന്വേഷണത്തിൽ തന്നെ വിദേശ ബന്ധത്തിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യാന്തര ബന്ധമുള്ള കേസായതിനാൽ മുഴുവൻ കുറ്റവാളികളെയും കണ്ടെത്താൻ കേന്ദ്ര ഏജൻസികളുടെ അന്വേഷണം അനിവാര്യമാണെന്നും, കേസ് എൻ.ഐ.എയോ മറ്റ് കേന്ദ്ര ഏജൻസികളോ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബി.ആർ.സി നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്നും, കഴിഞ്ഞ 10 വർഷത്തെ നിയമനങ്ങളെക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്തണമെന്നും മോഹനൻ ആവശ്യപ്പെട്ടു. അധികാരികളുടെ ശ്രദ്ധയിൽപ്പെടാതെ ഇത്തരമൊരു സംഭവം നടന്നത് ദുരൂഹത വർധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം ഗുരുതര വിഷയത്തിൽ സി.പി.എം മൗനം പാലിക്കുന്നത് ആശ്ചര്യകരമാണെന്നും അദ്ദേഹം വിമർശിച്ചു.
പേരാമ്പ്രയിലും പരിസര പ്രദേശങ്ങളിലും ലഹരി ഉപയോഗം വർധിക്കുന്നതിന്റെ തെളിവാണ് ഈ സംഭവമെന്നും, ഇതിന് മുമ്പ് ഒരു ഹൈസ്കൂൾ അധ്യാപകനെ ഇതേ കേസിൽ സസ്‌പെൻഡ് ചെയ്തതായും, ആ സംഭവം മറച്ചുവച്ചത് അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് ഡി.കെ. മനു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. രജീഷ്, തറമൽ രാകേഷ്, സംസ്ഥാന കൗൺസിൽ അംഗം ടി.എം. ഹരിദാസ്, എ. ബാലചന്ദ്രൻ, ബിനീഷ് എടവരാട്, സി.കെ. ലീല, ഇല്ലത്ത് മോഹനൻ, പി.പി. പ്രസന്ന എന്നിവർ സംസാരിച്ചു.
കെ.കെ. സജീവൻ, സിനി ബിജു കൃഷ്ണൻ, കോമത്ത് ശോഭ, എം. സായിദാസ്, പൊയിൽക്കണ്ടി ബാലകൃഷ്ണൻ, പപ്പൻ ചകിട്ടപ്പാറ, പി.ബി. സന്തോഷ് എന്നിവർ നേതൃത്വം നൽകി.
Comments (0)