നീർച്ചാൽ ഭൂമിക്കടിയിലൂടെയെത്തി പുറത്തേക്ക് ഒഴുകുന്നു
കട്ടിപ്പാറ : വർഷങ്ങളായി വനാതിർത്തിയോട് ചേർന്ന മലയിൽ ഒഴുകിക്കൊണ്ടിരുന്ന നീർച്ചാൽ ഒരിടത്ത് അപ്രത്യക്ഷമായ ശേഷം, അതിന്റെ തുടർപ്രവാഹം ഭൂമിക്കടിയിലൂടെ നാന്നൂറ് മീറ്ററോളം താഴെയായി പാറക്കൂട്ടങ്ങൾക്കിടയിലൂടെ ശക്തിയായി പുറത്തേക്ക് ഒഴുകുന്നു.…
കട്ടിപ്പാറ : വർഷങ്ങളായി വനാതിർത്തിയോട് ചേർന്ന മലയിൽ ഒഴുകിക്കൊണ്ടിരുന്ന നീർച്ചാൽ ഒരിടത്ത് അപ്രത്യക്ഷമായ ശേഷം, അതിന്റെ തുടർപ്രവാഹം ഭൂമിക്കടിയിലൂടെ നാന്നൂറ് മീറ്ററോളം താഴെയായി പാറക്കൂട്ടങ്ങൾക്കിടയിലൂടെ ശക്തിയായി പുറത്തേക്ക് ഒഴുകുന്നു. കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്തിലെ ചമൽ വാർഡിലെ കൊളമല പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ തോട്ടഭൂമിയിലാണ് ഈ അസാധാരണ ജലപ്രതിഭാസം.
നീർച്ചാലിൽനിന്നുള്ള ജലം മലമുകളിലെ കുഴിയിലേക്ക് പതിക്കുകയും, അതിന് ശേഷം നാനൂറ് മീറ്ററോളം ഭാഗത്തേക്ക് പുറമെ ദൃശ്യമാകാതെ കുന്നിന് താഴെയുള്ള തോട്ടത്തിലെ ഗർത്തത്തിനുള്ളിലൂടെ കുത്തിയൊലിച്ച് പുറത്തു വരുകയുമായിരുന്നു. ചെളി കലർന്ന് കലങ്ങിയ തരത്തിലുള്ള വെള്ളം പുറത്തേക്ക് വരുന്ന ഭാഗത്ത് വലിയ പാറ ഇളകിനിൽക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിൽ ജനവാസമുള്ളതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രദേശവാസികളെ താത്കാലികമായി സുരക്ഷിത ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഈ പ്രതിഭാസത്തിന്റെ കാരണം ഉടൻ കണ്ടെത്തുന്നതിനും അപകടഭീഷണി ഉയർത്തുന്ന ഇളകിനിൽക്കുന്ന പാറകൾ സുരക്ഷിതമായി നീക്കം ചെയ്യുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും ജനപ്രതിനിധികളും ആവശ്യപ്പെട്ടു. സംഭവസ്ഥലം കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് പി.സജീന, വാർഡംഗം സൗമ്യാ പ്രജീഷ്, മുഹമ്മദ് ഷാഹിം, അയ്യൂബ് കാറ്റാടി, പി.സി.തോമസ്, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ സന്ദർശിച്ച് സ്ഥിതിഗതി വിലയിരുത്തി. താമരശ്ശേരി താലൂക്ക് ഓഫീസിൽ നിന്നുള്ള റവന്യൂ സംഘവും സ്ഥലത്ത് പരിശോധന നടത്തി. ആശങ്ക പരിഹരിക്കുന്നതിനും, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കട്ടിപ്പാറ പഞ്ചായത്ത് താമരശ്ശേരി തഹസിൽദാർക്കും, ജിയോളജി വകുപ്പിനും റിപ്പോർട്ട് നൽകി.
Comments (0)