പേരാമ്പ്രയിൽ മഞ്ഞപ്പിത്തം പടരുന്നു:

പേരാമ്പ്രയിൽ മഞ്ഞപ്പിത്തം പടരുന്നു:

പേരാമ്പ്രയിൽ മഞ്ഞപ്പിത്തം പടരുന്നു; രോഗബാധിതർ 21 ആയി

കലോത്സവ വേദിയിലും പരിസരത്തും ആരോഗ്യവകുപ്പിന്റെ അതീവ ജാഗ്രത

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ 15, 16 വാർഡുകളിലുൾപ്പെട്ട കിഴിഞ്ഞാണ്യം കുറക്കൻകുന്ന് ഭാഗത്ത് മഞ്ഞപ്പിത്തം പടരുന്നു. സമീപദിവസങ്ങളിൽ വയനാട്ടിലേക്ക് യാത്ര പോയി തിരിച്ചെത്തിയവരിലാണ് ആദ്യമായി രോഗബാധ കണ്ടെത്തിയത്. തുടക്കത്തിൽ പതിനാറിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പേരാമ്പ്രയിലെ മറ്റ് അഞ്ചുപേർക്കും കൂടി പുതുതായി രോഗബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ പ്രദേശത്തെ ആകെ രോഗബാധിതരുടെ എണ്ണം 21 ആയി.

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈസ്കൂൾ പരിസരങ്ങളിലും സമീപ പ്രദേശങ്ങളിലും ഉപ്പിലിട്ട ഭക്ഷണപദാർഥങ്ങളുടെയും തുറന്നുവെച്ച ഭക്ഷണസാധനങ്ങളുടെയും വിൽപ്പനയ്ക്ക് നിരോധനം ഏർപ്പെടുത്തി.

കൂടാതെ, രോഗവ്യാപനം തടയുന്നതിനായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.

കലോത്സവ നഗരിയിലും ജാഗ്രത

ഇതിനിടെ പേരാമ്പ്ര സ്കൂളിൽ ഉപജില്ലാ സ്കൂൾ കലോത്സവം നടന്നുവരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതയിലാണ്. നിരവധി വിദ്യാർഥികളും അധ്യാപകരും പൊതുജനങ്ങളും ഒത്തുചേരുന്ന കലോത്സവ നഗരിയിലും പരിസരങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങളും ശുചിത്വ പരിശോധനകളും ആരോഗ്യപ്രവർത്തകർ ശക്തമാക്കിയിട്ടുണ്ട്.

പനി, കണ്ണുകളിലും മൂത്രത്തിലും മഞ്ഞനിറം, ക്ഷീണം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ഉടൻതന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

Comments (0)