പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

നാദാപുരം: വിഷ്‌ണുമംഗലം പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. വളയം ടൗണിനടുത്തെ ഇടിക്കുന്നുമ്മൽ ഗോപാലൻ്റെ മകൻ രഞ്ജിത്ത് (43) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മുതൽ രഞ്ജിത്തിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ വിവരം അറിയിച്ചിരുന്നു.
പുലർച്ചെ കളിക്കാനാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും സ്കൂട്ടറിൽ പുറപ്പെട്ടതാണ് രഞ്ജിത്ത് എന്ന് ഭാര്യയും കല്ലാച്ചി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയുമായ സബിന അറിയിച്ചു. തുടർന്ന് രാവിലെ 5.30ഓടെ വിഷ്‌ണുമംഗലം ബണ്ട് പരിസരത്തെ പാലത്തിനടുത്ത് റോഡരികിൽ രഞ്ജിത്തിൻ്റെ സ്കൂട്ടർ (KL 18 Y 1967) നിർത്തിയ നിലയിൽ കണ്ടെത്തി. സ്കൂട്ടറിൽ കുടയും രഞ്ജിത്ത് ഉപയോഗിച്ചിരുന്ന ചെരുപ്പും കണ്ടെത്തിയിരുന്നു.
ഇതിനെ തുടർന്ന് രാവിലെ 8.30 മുതൽ ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് പുഴയിൽ വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് രഞ്ജിത്തിൻ്റെ മൃതദേഹം കണ്ടെത്തിയത്.
ഇതിനിടെ, ഒരു വർഷം മുൻപ് രഞ്ജിത്തിൻ്റെ ബന്ധുവായ റോഷിൽ ഇതേ വിഷ്‌ണുമംഗലം പുഴയിൽ വീണ് മരിച്ചതും നാട്ടുകാരിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. വളയം സി.ഐയുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Comments (0)