മലബാറിലെ റെയിൽവേ സ്റ്റേഷനുകളോട് അവഗണന തുടരുന്നു; 11 സ്റ്റേഷനുകളിലായി 11.44 കോടി യാത്രക്കാരെന്ന് കണക്ക്

Railway Stations Trains Railways കോഴിക്കോട്: യാത്രക്കാരുടെയും വരുമാനത്തിന്റെയും എണ്ണം ഉയർന്നിട്ടും മലബാറിലെ റെയിൽവേ സ്റ്റേഷനുകളോടുള്ള റെയിൽവേയുടെ അവഗണന തുടരുകയാണെന്ന് കാസർകോട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആരോപിച്ചു. 11 സ്റ്റേഷനുകളിലായി…

Railway Stations Trains Railways

കോഴിക്കോട്: യാത്രക്കാരുടെയും വരുമാനത്തിന്റെയും എണ്ണം ഉയർന്നിട്ടും മലബാറിലെ റെയിൽവേ സ്റ്റേഷനുകളോടുള്ള റെയിൽവേയുടെ അവഗണന തുടരുകയാണെന്ന് കാസർകോട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആരോപിച്ചു. 11 സ്റ്റേഷനുകളിലായി പ്രതിവർഷം 11.44 കോടി യാത്രക്കാരുണ്ടെന്നാണ് കണക്ക്. കോഴിക്കോട്, കണ്ണൂർ, തലശ്ശേരി, വടകര, തിരൂർ, പയ്യന്നൂർ, കാസർകോട്, കുറ്റിപ്പുറം, കാഞ്ഞങ്ങാട്, കൊയിലാണ്ടി, ഷൊർണൂർ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്ന സ്റ്റേഷനുകൾ.

ഓണം, വിഷു, ദീപാവലി, ന്യൂഇയർ തുടങ്ങിയ ഉത്സവ സീസണുകളിൽ പ്രഖ്യാപിക്കുന്ന സ്പെഷ്യൽ ട്രെയിനുകൾക്ക് കാഞ്ഞങ്ങാട്, പയ്യന്നൂർ, തലശ്ശേരി, വടകര, കൊയിലാണ്ടി, കുറ്റിപ്പുറം തുടങ്ങിയ സ്റ്റേഷനുകളിൽ സ്റ്റോപ്പില്ലെന്നാണ് യാത്രക്കാരുടെ സംഘടനയുടെ ആരോപണം. പല സ്പെഷ്യൽ ട്രെയിനുകളും കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ എന്നിവിടങ്ങളിൽ മാത്രമാണ് നിർത്തുന്നതെന്നും സംഘടന ചൂണ്ടിക്കാട്ടി.

അതേസമയം, കോട്ടയം മുതൽ കൊല്ലം വരെ മിനിറ്റുകളുടെ യാത്രാദൂരമുള്ള ചെറിയ സ്റ്റേഷനുകളിൽപ്പോലും സ്പെഷ്യൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നുണ്ടെന്നാണ് ആരോപണം. ഉത്സവ സീസണുകളിൽ നാട്ടിലെത്താൻ ടിക്കറ്റ് ലഭിക്കാതെ ആയിരക്കണക്കിന് യാത്രക്കാർ ബുദ്ധിമുട്ടുകയാണെന്നും സംഘടന പറയുന്നു.

യാത്രക്കാരുടെ എണ്ണം കൂടുതലുള്ള കാഞ്ഞങ്ങാട്, പയ്യന്നൂർ, തലശ്ശേരി, വടകര, കൊയിലാണ്ടി, കുറ്റിപ്പുറം തുടങ്ങിയ സ്റ്റേഷനുകളിൽ സ്പെഷ്യൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചാൽ റെയിൽവേയുടെ വരുമാനം വർധിക്കുമെന്നും സംഘടന അഭിപ്രായപ്പെട്ടു.

മലബാറിനോട് ഇരട്ടത്താപ്പെന്ന് ആരോപണം

റെയിൽവേയ്ക്ക് മികച്ച വരുമാനം നേടിക്കൊടുക്കുന്നുണ്ടെങ്കിലും മലബാറിനോട് ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നാണ് കാസർകോട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷന്റെ ആരോപണം. കാഞ്ഞങ്ങാട്, പയ്യന്നൂർ, തലശ്ശേരി, വടകര, കൊയിലാണ്ടി, കുറ്റിപ്പുറം അടക്കമുള്ള റെയിൽവേ സ്റ്റേഷനുകളിൽ പ്രീമിയം ട്രെയിനുകൾ ഒഴികെ ബാക്കി എല്ലാ എക്സ്പ്രസ്, സ്പെഷ്യൽ ട്രെയിനുകൾക്കും അടിയന്തരമായി സ്റ്റോപ്പ് അനുവദിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.

സ്റ്റേഷൻ വരുമാനവും യാത്രക്കാരുടെ എണ്ണവും

2025 മുതൽ 2026 ഏപ്രിൽ വരെയുള്ള കണക്കുകൾ പ്രകാരം കോഴിക്കോട് സ്റ്റേഷനിൽ 219 കോടി രൂപ വരുമാനവും 3.24 കോടി യാത്രക്കാരുമാണുള്ളത്. കണ്ണൂരിൽ 136 കോടി രൂപയും 1.86 കോടി യാത്രക്കാരുമാണ്. തലശ്ശേരിയിൽ 45 കോടി രൂപ വരുമാനവും 1.1 കോടി യാത്രക്കാരുമുണ്ട്.

വടകരയിൽ 32 കോടി രൂപയും 92 ലക്ഷം യാത്രക്കാരുമാണ് കണക്ക്. കാസർകോട് 48 കോടി രൂപ വരുമാനവും 90 ലക്ഷം യാത്രക്കാരുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരൂരിൽ 39 കോടി രൂപയും 85 ലക്ഷം യാത്രക്കാരുമുണ്ട്. കുറ്റിപ്പുറത്ത് 16 കോടി രൂപയും 45 ലക്ഷം യാത്രക്കാരുമാണ് കണക്ക്. കൊയിലാണ്ടിയിൽ 12 കോടി രൂപയും 40 ലക്ഷം യാത്രക്കാരുമുണ്ട്. ഷൊർണൂരിൽ 56 കോടി രൂപ വരുമാനവും 78 ലക്ഷം യാത്രക്കാരുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

റെയിൽവേയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുകയും പതിനായിരക്കണക്കിന് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്ന നയങ്ങളാണ് അധികൃതർ സ്വീകരിക്കുന്നതെന്നാണ് യാത്രക്കാരുടെ സംഘടനയുടെ ആരോപണം. പരമാവധി സ്റ്റേഷനുകളിൽ സ്പെഷ്യൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചാൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യമാകുമെന്നും അതുവഴി റെയിൽവേയുടെ വരുമാനം വർധിക്കുമെന്നും സംഘടന അഭിപ്രായപ്പെട്ടു.

English Summary:

The Kasaragod Railway Passengers Association has alleged continued neglect of Malabar railway stations despite high passenger numbers and revenue. It said several special trains announced during festival seasons do not stop at stations including Kanhangad, Payyanur, Thalassery, Vadakara, Koyilandy and Kuttippuram, while many services stop only at Kasaragod, Kannur, Kozhikode and Tirur. The association has demanded stops for all express and special trains, except premium services, at several Malabar stations. It said additional stops could benefit passengers and increase railway revenue.

Railway Stations Trains Railways

Comments (0)