വിനു മങ്കാദ് ട്രോഫിയിൽ വിജയത്തോടെ തുടക്കമിട്ട് കേരള അണ്ടർ-19 ടീം

ലഖ്‌നൗ: പുതിയ സീസണിന് വിജയത്തോടെ തുടക്കമിട്ട് കേരള അണ്ടർ-19 ടീം. വിനു മങ്കാദ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഉത്തരാഖണ്ഡിനെ 16 റൺസിനാണ് കേരളം തോൽപ്പിച്ചത്. മഴ മൂലം 41 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളം 7…

ലഖ്‌നൗ: പുതിയ സീസണിന് വിജയത്തോടെ തുടക്കമിട്ട് കേരള അണ്ടർ-19 ടീം. വിനു മങ്കാദ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഉത്തരാഖണ്ഡിനെ 16 റൺസിനാണ് കേരളം തോൽപ്പിച്ചത്.

മഴ മൂലം 41 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളം 7 വിക്കറ്റിന് 316 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഉത്തരാഖണ്ഡ് 40.5 ഓവറിൽ 300 റൺസിന് ഓൾ ഔട്ടായി.

ഓപ്പണർ കെ.ആർ. രോഹിതിന്റെ തകർപ്പൻ സെഞ്ചുറിയും ആദർശ് രഞ്ജിത്തിന്റെ അഞ്ച് വിക്കറ്റ് നേട്ടവുമാണ് കേരളത്തിന് വിജയമൊരുക്കിയത്.

കേരളത്തിന് തകർപ്പൻ തുടക്കമാണ് ഓപ്പണർമാർ നൽകിയത്. രോഹിതും അഹമ്മദ് ഖാനും ചേർന്ന് 6.1 ഓവറിൽ 75 റൺസ് കൂട്ടിച്ചേർത്തു. 28 പന്തിൽ അർധസെഞ്ചുറി തികച്ച രോഹിത് 70 പന്തിൽ സെഞ്ചുറിയിലെത്തി. 84 പന്തിൽ 9 ഫോറും 9 സിക്‌സുമടക്കം 123 റൺസാണ് രോഹിത് നേടിയത്. ക്യാപ്റ്റൻ എൻ. ഹൃഷികേശ് 35 റൺസെടുത്തു. മാനവ് കൃഷ്ണ 32 പന്തിൽ 42 റൺസും സംഗീത് സാഗർ 24 പന്തിൽ 34 റൺസും നേടി മികച്ച പിന്തുണ നൽകി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഉത്തരാഖണ്ഡിനെ ആദർശ് രഞ്ജിത്തിന്റെ ബൗളിങ്ങാണ് പിടിച്ചുകെട്ടിയത്. ക്യാപ്റ്റൻ ആയുഷ് ദേസ്വാളിന്റെ അർധസെഞ്ചുറിയിൽ ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും 65 റൺസെടുത്ത ആയുഷ് പുറത്തായതോടെ തകർച്ച തുടങ്ങി. ഒരു ഘട്ടത്തിൽ 6 വിക്കറ്റിന് 166 റൺസ് എന്ന നിലയിലായിരുന്ന ഉത്തരാഖണ്ഡിനെ മായങ്ക് മുദീലയും ലക്കി പരാശറും ചേർന്ന് തിരിച്ചുകൊണ്ടുവന്നു. ഇരുവരും ഏഴാം വിക്കറ്റിൽ 105 റൺസ് കൂട്ടിച്ചേർത്തു.

വിജയം ലക്ഷ്യമാക്കി തകർത്തടിച്ച ഇരുവരെയും പുറത്താക്കി ആദർശ് കളി കേരളത്തിന്റെ വരുതിയിലാക്കി. 39-ാം ഓവറിൽ മായങ്കിനെയും ലക്കിയെയും പുറത്താക്കിയ ആദർശ് അടുത്ത ഓവറിൽ ആകാശ് കുമാറിനെയും രാഹുൽ സിജ്വാലിനെയും കൂടി മടക്കി. കേരളത്തിനായി ആദർശ് 5 വിക്കറ്റ് വീഴ്ത്തിയപ്പോൾ ഇഷാൻ കുനാൽ 4 വിക്കറ്റ് നേടി.

സംക്ഷിപ്ത സ്കോർ: കേരളം 316/7 (41 ഓവർ), ഉത്തരാഖണ്ഡ് 300 ഓൾ ഔട്ട് (40.5 ഓവർ)

Comments (0)