പേരാമ്പ്രയില്‍ മഞ്ഞപ്പിത്തം പടരുന്നു; രോഗബാധിതര്‍ 21 ആയി
Department പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ 15, 16 വാര്‍ഡുകളില്‍ കിഴിഞ്ഞാണ്യം കുറക്കന് കുന്ന് ഭാഗത്ത് മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്നു. സമീപദിവസങ്ങളില്‍ വയനാട്ടിലേക്ക് യാത്ര പോയി തിരിച്ചെത്തിയവരിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്.…
Department
പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ 15, 16 വാര്‍ഡുകളില്‍ കിഴിഞ്ഞാണ്യം കുറക്കന് കുന്ന് ഭാഗത്ത് മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്നു. സമീപദിവസങ്ങളില്‍ വയനാട്ടിലേക്ക് യാത്ര പോയി തിരിച്ചെത്തിയവരിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്.
നിലവില്‍ പതിനാറിലധികം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതിന് പുറമേ, പേരാമ്പ്രയില്‍ മറ്റ് അഞ്ചുപേര്‍ക്ക് കൂടി പുതുതായി മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ പ്രദേശത്തെ ആകെ രോഗബാധിതരുടെ എണ്ണം 21 ആയി ഉയര്‍ന്നു. രോഗവ്യാപനം ശക്തമായതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
വയനാട്ടില്‍ നിന്ന് തിരിച്ചെത്തിയവരുമായി സമ്പര്ക്കത്തിലുണ്ടായവരിലൂടെയാണ് രോഗം കൂടുതല്‍ പേരിലേക്ക് പടര്‍ന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. മലിനമായ വെള്ളവും ഭക്ഷണവും വഴിയാണ് മഞ്ഞപ്പിത്തം പ്രധാനമായും പകരുന്നത്.
അതിനാല്‍ പ്രദേശത്ത് ശുദ്ധജല സ്രോതസ്സുകളും ഭക്ഷണശാലകളും ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധിച്ചു വരികയാണ്. രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പ് കര്‍ശന പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തുറന്നുവെച്ച ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
എല്ലാവരും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ട്. കിണറുകളിലും മറ്റ് ജലസ്രോതസ്സുകളിലും ക്ലോറിനേഷന് നടത്തുന്നുണ്ട്. വീടുകളിലും പരിസരത്തും ശുചിത്വം പാലിക്കണമെന്നും ആരോഗ്യവകുപ്പ് ഓര്‍മ്മിപ്പിച്ചു. നിലവില്‍ പേരാമ്പ്ര സ്കൂളില്‍ വെച്ച് പേരാമ്പ്ര ഉപജില്ലാ കലോത്സവം നടന്നു വരികയാണ്.
നിരവധി വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും പങ്കെടുക്കുന്ന വലിയൊരു ജനക്കൂട്ടം ഒത്തുകൂടുന്ന ഈ വേളയില്‍ രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്. കലോത്സവ നഗരിയിലും പരിസര പ്രദേശങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശുചിത്വ പരിശോധനകളും ആരോഗ്യപ്രവര്‍ത്തകര്‍ ശക്തമാക്കിയിട്ടുണ്ട്.
കലോത്സവത്തിന് എത്തുന്നവര്‍ക്ക് കുടിവെള്ളത്തിനായി തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണമെന്നും പുറത്ത് നിന്നുള്ള ഭക്ഷണം കഴിക്കുന്നതില്‍ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കലോത്സവ വേദിയിലെ ഭക്ഷണശാലകളിലും കുടിവെള്ള വിതരണ കേന്ദ്രങ്ങളിലും ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധന നടത്തുന്നുണ്ട്.
പനി, കണ്ണിലും മൂത്രത്തിലും മഞ്ഞ നിറം കാണുക, ക്ഷീണം, ഛര്‍ദ്ദി, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ കാണുന്നവര്‍ അടിയന്തരമായി അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ എത്തി ചികിത്സ തേടണമെന്ന് അധികൃതര്‍ അറിയിച്ചു. രോഗലക്ഷണങ്ങള്‍ അവഗണിക്കരുതെന്നും സ്വയം ചികിത്സ ചെയ്യരുതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി.
Department
Comments (0)