ഞെട്ടിക്കുന്ന കണക്കുകൾ! ഒരൊറ്റ ദിവസം പനി ബാധിച്ച് ചികിത്സ തേടിയത് 7740 പേർ; സംസ്ഥാനത്ത് പകർച്ചവ്യാധി പടർന്നുപിടിക്കുന്നു
തിരുവനന്തപുരം: ( അസാധാരണമായ കാലാവസ്ഥാ മാറ്റങ്ങൾക്കിടയിൽ സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം അതിരൂക്ഷമായി തുടരുന്നു. കണക്കുകൾ പ്രകാരം ഇന്നലെ മാത്രം 7740 പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ മലപ്പുറം ജില്ലയിലാണ്…

തിരുവനന്തപുരം: ( അസാധാരണമായ കാലാവസ്ഥാ മാറ്റങ്ങൾക്കിടയിൽ സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം അതിരൂക്ഷമായി തുടരുന്നു. കണക്കുകൾ പ്രകാരം ഇന്നലെ മാത്രം 7740 പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ മലപ്പുറം ജില്ലയിലാണ് പനിബാധിതരുടെ എണ്ണം ഏറ്റവും കൂടുതലുള്ളത്. ഇതിനിടയിൽ സർക്കാർ ആശുപത്രികളിൽ അത്യാവശ്യ മരുന്നുകളുടെ സ്റ്റോക്ക് കുറവാണെന്നുള്ളതും സ്ഥിതി കൂടുതൽ വഷളാക്കുന്നുണ്ട്.
തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് മാത്രം ഇന്നലെ 1345 പേർക്കാണ് പനി ബാധിച്ചത്. കൂടാതെ ഇന്നലെ മാത്രം 34 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെയും സംശയത്തെതുടർന്നും 107 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതിനുപുറമേ 10 പേർക്ക് എലിപ്പനിയും, 5 പേർക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്.
രണ്ട് ഷിഗല്ല കേസുകളും 24 മഞ്ഞപ്പിത്ത ബാധിതരെയും കണ്ടെത്തിയിട്ടുണ്ട്. ഈ വർഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മരണങ്ങൾക്കിടയാക്കിയ ഇൻഫ്ലുവൻസ വൈറസ് ബാധ 39 പേർക്കാണ് നിലവിൽ സ്ഥിരീകരിച്ചിട്ടുള്ളത്. ശ്വാസകോശത്തെയും തൊണ്ടയെയും ഗുരുതരമായി ബാധിക്കുന്ന ഒന്നാണ് ഈ ഇൻഫ്ലുവൻസ വൈറസ്.
മലപ്പുറത്തിന് പുറമെ തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കാസർഗോഡ് തുടങ്ങിയ ജില്ലകളിലും വിവിധതരം പനി ബാധിച്ച് ഒരു ദിവസം മാത്രം അഞ്ഞൂറിലധികം ആളുകളാണ് ചികിത്സയ്ക്കായി എത്തിയത്. തുടർച്ചയായ മഴയും കാലാവസ്ഥയിലുള്ള പെട്ടെന്നുള്ള മാറ്റങ്ങളുമാണ് പകർച്ചവ്യാധി ഇത്രയധികം പടരാൻ കാരണമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്.
ശരീരവേദന, അത്യധികമായ ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നവർ സ്വയം ചികിത്സയ്ക്ക് മുതിരാതെ, ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം കൃത്യമായ പരിശോധനയും ചികിത്സയും തേടണമെന്ന് വിദഗ്ധർ കർശന മുന്നറിയിപ്പ് നൽകുന്നു.
Comments (0)