കോഴിക്കോട്–ബെംഗളൂരു KSRTC ബസ് അപകടം; ഡ്രൈവർക്കും കണ്ടക്ടർക്കും ദാരുണാന്ത്യം


ബംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് കർണാടകയിലെ ബിടതിയിൽ അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട ബസ് മൈസൂരു–ബംഗളൂരു ദേശീയപാതയിൽ റോഡരികിലെ ദിശാസൂചിക ബോർഡിൽ ഇടിച്ച് തലകീഴായി മറിഞ്ഞുവെന്നാണ് വിവരം.
അപകടത്തിൽ ഡ്രൈവറും കണ്ടക്ടറും മരണപ്പെട്ടു. കോഴിക്കോട് ഡിപ്പോയിലെ KL 15 A 1963 നമ്പർ സൂപ്പർ ഡീലക്സ് എയർ ബസാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ കണ്ടക്ടർ അരുൺ എൻ.എം. ആണെന്ന് സ്ഥിരീകരിച്ചു. ഡ്രൈവർ സംഭവസ്ഥലത്തുതന്നെ മരിച്ചു.
അപകടത്തിൽ പത്തിരുപതോളം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ മൂന്നോ നാലോ പേരുടെ നില ഗുരുതരമാണെന്നും ബാക്കിയുള്ളവർക്ക് ചെറിയ പരിക്കുകളാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അപകടത്തിന് പിന്നാലെ പോലീസും പ്രാദേശവാസികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.
ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണു ദൃക്‌സാക്ഷികളുടെ പ്രാഥമിക നിഗമനം. അപകടകാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു. ബസിൽ ഉണ്ടായിരുന്നവരിൽ ഭൂരിഭാഗവും മലയാളികളാണെന്നും പ്രാഥമിക വിവരം.
Comments (0)