എംഡിഎംഎ കേസ്:ഒരു അധ്യാപിക കൂടി അറസ്റ്റിൽ ഇൻസ്റ്റഗ്രാം വഴി ലക്ഷങ്ങളുടെ ലഹരി ഇടപാട് നടത്തിയെന്ന് പോലീസ്

എംഡിഎംഎ കേസ്:ഒരു അധ്യാപിക കൂടി അറസ്റ്റിൽ ഇൻസ്റ്റഗ്രാം  വഴി ലക്ഷങ്ങളുടെ ലഹരി ഇടപാട് നടത്തിയെന്ന് പോലീസ്

അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ പേരമ്പ്ര ബിആർസിയിലെ മറ്റൊരു അധ്യാപിക കൂടി അറസ്റ്റിലായി. കുട്ടോത്ത് സ്വദേശിനിയായ വലിയ പറമ്പിൽ വി.പി. നീഷ്മ (30) യെയാണ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായ അധ്യാപികമാരായ കീർത്തനയുടെയും കാവ്യയുടെയും മൊഴികളുടെയും അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.

കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് വടകര റൂറൽ എസ്.പി. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘത്തിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.

ഇൻസ്റ്റഗ്രാം വഴിയാണ് പ്രതികൾ ലഹരി മാഫിയയുമായി ബന്ധം സ്ഥാപിച്ചിരുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ആവശ്യക്കാരെ നേരിൽ കാണാതെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ചാണ് ലക്ഷങ്ങളുടെ എംഡിഎംഎ ഇടപാടുകൾ നടത്തിയിരുന്നതെന്നും പോലീസ് പറയുന്നു.

കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്നും ലഹരി ശൃംഖലയിലെ മറ്റ് കണ്ണികളെ കണ്ടെത്തുന്നതിനുമായി അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Comments (0)