വയനാട്ടിൽ നിന്ന് കുറ്റ്യാടിയിലേക്ക് സ്ത്രീകളുടെ കൂട്ടയാത്ര;

പ്രിയദർശിനി സൗജന്യയാത്ര: വയനാട്ടിൽ നിന്ന് കുറ്റ്യാടിയിലേക്ക് സ്ത്രീകളുടെ കൂട്ടയാത്ര; കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വാങ്ങി പുതിയ കച്ചവട രീതിക്കും തുടക്കം

വയനാട്ടിൽ നിന്ന് കുറ്റ്യാടിയിലേക്ക് സ്ത്രീകളുടെ കൂട്ടയാത്ര;

പ്രിയദർശിനി സൗജന്യയാത്ര: വയനാട്ടിൽ നിന്ന് കുറ്റ്യാടിയിലേക്ക് സ്ത്രീകളുടെ കൂട്ടയാത്ര; കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വാങ്ങി പുതിയ കച്ചവട രീതിക്കും തുടക്കം

കോഴിക്കോട്/വയനാട്: പ്രിയദർശിനി സൗജന്യ യാത്രാ ആനുകൂല്യം പ്രയോജനപ്പെടുത്തി വയനാട്ടിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സ്ത്രീകൾ കൂട്ടത്തോടെ കുറ്റ്യാടി മേഖലയിലേക്ക് എത്തുന്ന പ്രവണത ശ്രദ്ധേയമാകുന്നു. വെള്ളമുണ്ട, എട്ടേനാൽ, ഏഴേനാൽ, പത്താംമൈൽ, നിരവിൽപുഴ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി വീട്ടമ്മമാരാണ് തേങ്ങ, വെളിച്ചെണ്ണ എന്നിവ ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങുന്നതിനായി തൊട്ടിൽപാലം, കുറ്റ്യാടി ടൗൺ മേഖലകളിലേക്ക് യാത്ര ചെയ്യുന്നത്.

വയനാടിനെ അപേക്ഷിച്ച് കുറ്റ്യാടിയിൽ വെളിച്ചെണ്ണയ്ക്ക് കിലോയ്ക്ക് 15 മുതൽ 19 രൂപ വരെ വിലക്കുറവുള്ളത് ഈ യാത്രയ്ക്ക് പ്രധാന കാരണമായി മാറിയിരിക്കുകയാണ്. ബസ് ടിക്കറ്റ് സൗജന്യമായതിനാൽ യാത്രാചെലവിന്റെ ഭാരം ഇല്ലാതാകുകയും, ഇത് കൂടുതൽ ആളുകളെ ഈ രീതിയിലേക്ക് ആകർഷിക്കുകയും ചെയ്യുന്നു. പലപ്പോഴും നാല്പത് മുതൽ അമ്പത് പേർ വരെ ഉൾപ്പെടുന്ന സംഘങ്ങളായി സ്ത്രീകൾ ഒന്നിച്ച് പോയി സാധനങ്ങൾ വാങ്ങുന്ന ദൃശ്യങ്ങൾ സാധാരണമായിക്കഴിഞ്ഞു.

കഴിഞ്ഞ ദിവസം ഏഴേനാൽ പ്രദേശത്ത് നിന്നുള്ള ഒരു സംഘം സ്ത്രീകൾ ഇത്തരത്തിൽ നടത്തിയ യാത്ര സാമൂഹ്യമാധ്യമങ്ങളിലും വ്യാപകമായി ചർച്ചയായിരുന്നു. കുറഞ്ഞ വിലയിൽ സാധനങ്ങൾ ലഭ്യമാകുന്നതും യാത്രാചെലവ് ഇല്ലാതാകുന്നതും ചേർന്നപ്പോൾ, കുടുംബങ്ങളുടെ ചെലവ് കുറയ്ക്കാനുള്ള പുതിയ മാർഗമായി ഇത് മാറിയിരിക്കുകയാണ്.

അതേസമയം, ഈ സാഹചര്യത്തിൽ പുരുഷന്മാർ തങ്ങളുടെ ആവശ്യങ്ങൾക്കും ചെറിയ കച്ചവടങ്ങൾക്കുമായി സ്ത്രീകളെ ആശ്രയിക്കുന്നതും വർധിച്ചിരിക്കുകയാണ്. കുറ്റ്യാടിയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന സാധനങ്ങൾ വയനാട്ടിലേക്ക് കൊണ്ടുപോയി വിൽപ്പന നടത്തി ലാഭം കണ്ടെത്തുന്ന പുതിയൊരു ചെറുകിട കച്ചവട മേഖലയും ഇതോടെ രൂപംകൊള്ളുന്നതായി നാട്ടുകാർ പറയുന്നു.

സൗജന്യ യാത്രാ പദ്ധതിയുടെ പ്രായോഗിക പ്രയോജനം സാധാരണ ജനങ്ങളുടെ ജീവിതത്തിൽ എങ്ങനെ പ്രതിഫലിക്കാമെന്നതിന് ഉദാഹരണമായി ഈ പ്രവണതയെ വിലയിരുത്തുകയാണ് നിരീക്ഷകർ.

Comments (0)