സംവിധായകനൊപ്പം: വിദ്യാർത്ഥികളുമായി സംവദിച്ച് പപ്പൻ നരിപ്പറ്റ

വട്ടോ

ളി: വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ലെൻസ് ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘സംവിധായകനൊപ്പം’ പരിപാടിയിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ പപ്പൻ നരിപ്പറ്റ വിദ്യാർത്ഥികളുമായി സംവദിച്ചു.
സിനിമയുടെ പിന്നാമ്പുറ കാഴ്ചകളും സിനിമ സൃഷ്ടിക്കുന്ന മായാലോകവും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തിയ അദ്ദേഹം തന്റെ സിനിമാ അനുഭവങ്ങൾ പങ്കുവച്ചു. സിനിമാ അനുഭവങ്ങളെ മുൻനിർത്തി അദ്ദേഹം രചിച്ച ‘സിനിമയോടൊപ്പം’ എന്ന കൃതി സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറുകയും ചെയ്തു.
വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വായനാവേദിയുടെയും അംഗങ്ങളായ വിദ്യാർത്ഥികൾ സംവിധായകനുമായി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി. ആഗ്രഹസാഫല്യത്തിനായി ആത്മാർത്ഥമായി പ്രവർത്തിക്കണമെന്നും പഠനത്തിന് പ്രാധാന്യം നൽകണമെന്നും പപ്പൻ നരിപ്പറ്റ വിദ്യാർത്ഥികളെ ഉപദേശിച്ചു.
ചടങ്ങിൽ ഹെഡ്മിസ്ട്രസ് കെ. ഹീറ, നന്ദകുമാർ വളയം, നിധിൻ മുരളി, രജീഷ് കെ.പി. എന്നിവർ സംസാരിച്ചു.
Comments (0)