കുമ്മങ്കോട് പുലിപ്പേടിയിൽ; പെരുമുണ്ടശ്ശേരിയിൽ കാട്ടുപൂച്ച

നാദാപുരം: കഴിഞ്ഞ ദിവസങ്ങളിലായി മംഗലാട്, ചെക്യാട്, കായക്കൊടി, നാദാപുരം കുമ്മങ്കോട്, പെരുമുണ്ടശ്ശേരി തുടങ്ങിയ പ്രദേശങ്ങളിൽ പുലിയെ കണ്ടെന്ന പരാതികൾ വ്യാപകമായതോടെ വനംവകുപ്പ് പരിശോധന ശക്തമാക്കി. എന്നാൽ ലഭിച്ച പരാതികളിൽ ഭൂരിഭാഗവും കാട്ടുപൂച്ചയെയും സമാനമായ ചെറുജീവികളെയും പുലിയായി തെറ്റിദ്ധരിച്ചതാണെന്ന് പരിശോധനയിൽ വ്യക്തമായതായി വനംവകുപ്പ് ഉദ്യോഗസ്ഥൻ എ.എം. ഷാനി അറിയിച്ചു.
അതേസമയം, സെപ്റ്റംബർ 21ന് നാദാപുരം കുമ്മങ്കോട് സ്വദേശി സിനാൻ വന്യജീവിയുടെ ആക്രമണത്തിനിരയായ സംഭവം പ്രദേശത്ത് ഇപ്പോഴും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ആക്രമണത്തിൽ സിനാന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഏകദേശം 64 തുന്നലുകൾ ഇടേണ്ടിവരികയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ കുമ്മങ്കോട് പ്രദേശവാസികളിൽ പലരും പുലിയെ നേരിൽ കണ്ടതായി അറിയിച്ചിരുന്നു.
ഇതിനിടെ പെരുമുണ്ടശ്ശേരി പുതിയടുത്ത് താഴ ഭാഗത്ത് പുലിയെ കണ്ടെന്ന വിവരത്തെ തുടർന്ന് വനംവകുപ്പ് നടത്തിയ പരിശോധനയിൽ കാൽപ്പാടുകൾ പുലിയുടേതല്ലെന്നും കാട്ടുപൂച്ചയുടേതാണെന്നും കണ്ടെത്തി.
രാവിലെ അരൂരിലേക്ക് ഓട്ടോറിക്ഷയിൽ പോകുകയായിരുന്ന എളയടം സ്വദേശി മലമൽ സജീഷാണ് റോഡിന് കുറുകെ പുലിയുടെ സാദൃശ്യമുള്ള ജീവി ഓടിമറയുന്നത് കണ്ടതായി നാട്ടുകാരെ അറിയിച്ചത്. തുടർന്ന് പ്രദേശവാസികൾ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്തെ കാൽപ്പാടുകൾ വിശദമായി പരിശോധിച്ച ശേഷമാണ് ഇത് പുലിയല്ലെന്ന് സ്ഥിരീകരിച്ചത്. മംഗലാട്, ചെക്യാട്, കായക്കൊടി തുടങ്ങിയ പ്രദേശങ്ങളിൽ ലഭിച്ച പരാതികളിലും സമാനമായ രീതിയിൽ പുലിയെന്ന് തെറ്റിദ്ധരിച്ച സംഭവങ്ങളാണ് കൂടുതലെന്ന് വനംവകുപ്പ് വ്യക്തമാക്കുന്നു.
എന്നാൽ കുമ്മങ്കോട് മേഖലയിൽ പുലിയുടെ സാന്നിധ്യം സംബന്ധിച്ച് വനംവകുപ്പ് നേരത്തെ സ്ഥിരീകരണം നടത്തിയിട്ടുള്ളതിനാൽ, പ്രദേശവാസികളുടെ ആശങ്ക പൂർണമായി മാറിയിട്ടില്ല. സിനാനെ ആക്രമിച്ച വന്യജീവിയെ കണ്ടെത്താനുള്ള പരിശോധനയും തുടരുകയാണ്.
പെരുമുണ്ടശ്ശേരി മേഖലയിൽ നടത്തിയ പരിശോധനയ്ക്ക് വനംവകുപ്പ് ജീവനക്കാരായ എ.എം. ഷാനി, അനിൽകുമാർ, ജിനേഷ് എന്നിവർ നേതൃത്വം നൽകി.
Comments (0)