ഫോൺ അപ്ഡേഷനിലായപ്പോൾ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായി; പണം പോയത് തെലങ്കാനയിലെ അക്കൗണ്ടിലേക്ക്

കൊച്ചി: മൊബൈൽ ഫോൺ അപ്ഡേഷനിലായപ്പോൾ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടതായി പരാതി. പറവൂർ ചിറ്റാറ്റുകര പൂയപ്പിള്ളി സ്വദേശിയുടെ ഇന്ത്യൻ ബാങ്ക് പറവൂർ ശാഖയിലെ അക്കൗണ്ടിൽ നിന്നാണ് 98,666 രൂപ നഷ്ടപ്പെട്ടത്. സംഭവത്തിൽ സൈബർ സെല്ലിൽ പരാതി…

കൊച്ചി: മൊബൈൽ ഫോൺ അപ്ഡേഷനിലായപ്പോൾ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടതായി പരാതി. പറവൂർ ചിറ്റാറ്റുകര പൂയപ്പിള്ളി സ്വദേശിയുടെ ഇന്ത്യൻ ബാങ്ക് പറവൂർ ശാഖയിലെ അക്കൗണ്ടിൽ നിന്നാണ് 98,666 രൂപ നഷ്ടപ്പെട്ടത്. സംഭവത്തിൽ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ഒൻപതാം തീയതിയാണ് സംഭവം നടന്നത്. അന്ന് വൈകീട്ട് മൂന്ന് മണിക്ക് ഇദ്ദേഹം ഫോണിൽ ഫേസ്ബുക്ക് നോക്കിയിരുന്നു. ഇതിന് ശേഷം ബാക്ക് കൊടുത്തപ്പോൾ ഫോൺ ഓട്ടോമാറ്റിക്കായി അപ്ഡേഷനിലേക്ക് പോയി.

അപ്ഡേഷൻ 91 ശതമാനത്തിലെത്തിയപ്പോൾ ഫോൺ ഹാങ്ങായി. അരമണിക്കൂർ സമയം കഴിഞ്ഞാണ് ഫോൺ സാധാരണ നിലയിലായത്. രാത്രി ഏഴ് മണിയോടെ ഫോൺ പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട കാര്യം വ്യക്തമായത്.

ഉടൻ തന്നെ ബാങ്കിന്റെ കസ്റ്റമർ കെയറിൽ ബന്ധപ്പെട്ട് കാര്യം പറഞ്ഞു. തുടർന്ന് എടിഎം കാർഡും അക്കൗണ്ടിലെ തുടർ ട്രാൻസാക്ഷനും ബ്ലോക്ക് ചെയ്തു. പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട എസ്എംഎസ് മൊബൈൽ ഫോണിൽ വന്നിരുന്നില്ലെന്നും പരാതിയിൽ പറയുന്നു.

സൈബർ സെൽ നടത്തിയ പ്രാഥമിക പരിശോധനയിൽ തെലങ്കാനയിലെ യുഡിഐ ബാങ്കിലെ അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നതെന്ന് വ്യക്തമായി. അക്കൗണ്ട് ഉടമയുടെ പേര് ദിവ്യ എന്നാണെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Comments (0)