നോയിഡ കേന്ദ്രീകരിച്ച് എംഡിഎംഎ നിർമാണം; കേരളത്തിലേക്ക് വൻതോതിൽ രാസലഹരി എത്തുന്നതായി പൊലീസ്

കാസർഗോഡ്: ഉത്തർപ്രദേശിലെ നോയിഡയിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ രാസലഹരി എത്തിക്കുന്നതായി പൊലീസ് കണ്ടെത്തൽ. നോയിഡ കേന്ദ്രീകരിച്ച് വ്യാപകമായി എംഡിഎംഎ നിർമ്മിച്ച് കേരളത്തിലേക്ക് എത്തിക്കുന്ന സംഘത്തിലെ പ്രധാന പ്രതികളിലൊരാളെ പൊലീസ് പിടികൂടി.…

കാസർഗോഡ്: ഉത്തർപ്രദേശിലെ നോയിഡയിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ രാസലഹരി എത്തിക്കുന്നതായി പൊലീസ് കണ്ടെത്തൽ. നോയിഡ കേന്ദ്രീകരിച്ച് വ്യാപകമായി എംഡിഎംഎ നിർമ്മിച്ച് കേരളത്തിലേക്ക് എത്തിക്കുന്ന സംഘത്തിലെ പ്രധാന പ്രതികളിലൊരാളെ പൊലീസ് പിടികൂടി. ഐവറികോസ്റ്റ് സ്വദേശിയായ ജീൻ പ്യാരി സെറി എന്ന സാമുവൽ ഓസ്ലൻ ആണ് അറസ്റ്റിലായത്.

കാസർഗോഡ് കാലിക്കടവ് എംഡിഎംഎ കേസിൽ നേരത്തെ അറസ്റ്റിലായ ഉത്തരേന്ത്യൻ സ്വദേശികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം നോയിഡയിലെത്തിയത്. കേരളത്തിലേക്ക് എത്തുന്ന എംഡിഎംഎയുടെ ഉറവിടം കണ്ടെത്തുന്നതിനായി നടത്തിയ അന്വേഷണത്തിലാണ് നോയിഡ കേന്ദ്രീകരിച്ച് വ്യാപകമായി ലഹരി നിർമിക്കുന്നതായി കണ്ടെത്തിയത്.

കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാന പങ്ക് വഹിക്കുന്നയാളാണ് സാമുവൽ ഓസ്ലനെന്ന് അന്വേഷണ സംഘം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. നോയിഡയിൽ പത്ത് ദിവസത്തോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്.

സാമുവൽ ഓസ്ലനിൽനിന്ന് 12-ലധികം എടിഎം കാർഡുകളും അഞ്ച് മൊബൈൽ ഫോണുകളും 2.94 ലക്ഷം രൂപയും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഇയാളുടെ ഇടപാടുകളും ലഹരി വിതരണ ശൃംഖലയിലെ ബന്ധങ്ങളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.

കഴിഞ്ഞ ഓഗസ്റ്റ് ഒമ്പതിന് കാസർഗോഡ് കാലിക്കടവിൽ കാറിൽ കടത്തുകയായിരുന്ന 139 ഗ്രാം എംഡിഎംഎയുമായി എറണാകുളം പെരുമ്പാവൂർ സ്വദേശികളായ മൂന്ന് പേരെ പൊലീസ് പിടികൂടിയതോടെയാണ് കേസിന്റെ അന്വേഷണം ആരംഭിച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് കേരളത്തിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. അഹമ്മദാബാദ് ലാംബ സ്വദേശിയായ റിയാ ഖാൻ, ഉത്തർപ്രദേശിലെ ആഗ്ര സ്വദേശിയായ വിഷ്ണുകുമാർ, ഘാന സ്വദേശി വിക്ടർ ദൊസാബേ എന്നിവരടക്കം എട്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സാമുവൽ ഓസ്ലന്റെ അറസ്റ്റോടെ കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന സംഘത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

Comments (0)