കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ അസീം കൊറളിയാടൻ മരിച്ചു
കോയമ്പത്തൂർ: കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ ദേശീയ തലത്തിൽ അറിയപ്പെടുന്ന കാൽപ്പന്തുകളിക്കാരൻ അസീം കൊറളിയാടൻ മരിച്ചു. കോയമ്പത്തൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഇൻസ്പെക്ടറായി ജോലി ചെയ്തുവരികയായിരുന്നു. മലപ്പുറം അരീക്കോട് സ്വദേശിയാണ്.…
കോയമ്പത്തൂർ: കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ ദേശീയ തലത്തിൽ അറിയപ്പെടുന്ന കാൽപ്പന്തുകളിക്കാരൻ അസീം കൊറളിയാടൻ മരിച്ചു. കോയമ്പത്തൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഇൻസ്പെക്ടറായി ജോലി ചെയ്തുവരികയായിരുന്നു. മലപ്പുറം അരീക്കോട് സ്വദേശിയാണ്. കട്ടാട്ടെ സൈനുട്ടിയുടെയും കൊറളിയാടൻ മുസാൻകുട്ടിയുടെയും മകനാണ്. പ്രമുഖ ഫുട്‌ബാളറും കോച്ചുമായ അനീസ് കൊറളിയാടന്റെ ഇരട്ട സഹോദരനാണ്.
കേരളം മാത്രമല്ല, മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളും കളിക്കളങ്ങളിൽ തങ്ങളുടെ ടീമിന്റെ ഭാഗമാക്കിയത് അസീമിന്റെ കളിമികവിനുള്ള അംഗീകാരമായിരുന്നു. അണ്ടർ21 കേരള ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹം, മറ്റ് മൂന്ന് സംസ്ഥാനങ്ങൾക്കുവേണ്ടിയും ജഴ്‌സിയണിഞ്ഞിട്ടുണ്ട്.ക്ലബ്ബ് ഫുട്‌ബോൾ രംഗത്തും ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെക്കാൻ അദ്ദേഹത്തിനായി:
2005-06 വാസ്‌കോ ഗോവ, 2006-07 സാൽഗോക്കർ ഗോവ, 2007-2009 മുംബൈ എഫ്.സി, 2009-10 മഹീന്ദ്ര യുണൈറ്റഡ്, 2010-11 ഈസ്റ്റ് ബംഗാൾ എന്നീ ക്ലബ്ബുകൾക്കായി ബൂട്ടണിഞ്ഞു.
ഇതിനുപുറമെ, സന്തോഷ് ട്രോഫി ടൂർണമെന്റിൽ 2010ൽ മഹാരാഷ്ട്രക്കായും 2013ൽ തമിഴ്‌നാട്ടുകായും ജഴ്സിയണിഞ്ഞു. ഒമ്പത് സീസണുകളിൽ ഐ ലീഗിൽ കളിച്ച അസീം, ഫെഡറേഷൻ കപ്പ്, ഡ്യൂറന്റ് കപ്പ്, ഐ.എഫ്.എ ഷീൽഡ് തുടങ്ങിയ പ്രധാന ടൂർണമെന്റുകളിലും വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ചു.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കസ്റ്റംസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകുന്നേരം മൂന്ന് മണിയോടെ അരീക്കോട്ടെത്തിക്കുന്ന മയ്യിത്ത്, പുത്തലത്തെ വീട്ടിലെ പൊതുദർശനത്തിന് ശേഷം മഗ്‌രിബിന് മുമ്പ് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Comments (0)