ഓണത്തിരക്ക്; ബാലുശ്ശേരി ടൗണിലെ ഗതാഗതക്കുരുക്ക് രൂക്ഷമായി
ബാലുശ്ശേരി: ഓണത്തിരക്ക് കൂടിയതോടെ ബാലുശ്ശേരി ടൗണിലെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ദിനംപ്രതി വർദ്ധിച്ചുവരുന്ന വാഹനപെരുപ്പവും വീതികുറഞ്ഞ റോഡും കാരണം ബാലുശ്ശേരി ടൗൺ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഓണക്കാലമായതോടെ വ്യാപാര…
ബാലുശ്ശേരി: ഓണത്തിരക്ക് കൂടിയതോടെ ബാലുശ്ശേരി ടൗണിലെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ദിനംപ്രതി വർദ്ധിച്ചുവരുന്ന വാഹനപെരുപ്പവും വീതികുറഞ്ഞ റോഡും കാരണം ബാലുശ്ശേരി ടൗൺ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഓണക്കാലമായതോടെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്നവരുടെ തിരക്കും വാഹനങ്ങളുടെ എണ്ണവും വർദ്ധിച്ചതോടെ രാവിലെയും വൈകീട്ടും കിലോമീറ്ററുകളോളം നീളുന്ന ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ബ്ലോക്ക് റോഡ് ജംഗ്ഷൻ മുതൽ അറപ്പീടികവരെ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ മണിക്കൂറുകൾ കുരുങ്ങിക്കിടക്കുന്ന സ്ഥിതിയാണ്.
കൊയിലാണ്ടി–എടവണ്ണപ്പാറ സംസ്ഥാനപാതയും പ്രധാന ഉപറോഡുകളും സംഗമിക്കുന്ന ടൗണിൽ ഗതാഗതക്കുരുക്കിൽപ്പെട്ട് ആംബുലൻസുകളും ഫയർഫോഴ്സ് വാഹനങ്ങളും സമയത്തിന് ലക്ഷ്യസ്ഥാനത്ത് എത്താനാകാതെ വലയാറാണ് പതിവ്. ടിപ്പർ ഉൾപ്പെടെയുള്ള ചരക്കുലോറികൾ ടൗണിലൂടെ കടന്നുപോകുന്നതും കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. കൂടാതെ ഓണാഘോഷങ്ങളുടെ ഭാഗമായി വിവിധ സംഘടനകളുടെ പരിപാടികളും വരുന്നതോടെ ടൗൺ പൂർണമായും നിശ്ചലമാകുന്നു. കുരുക്ക് രൂക്ഷമാകുമ്പോൾ വാഹനങ്ങൾ ബ്ലോക്ക് റോഡിൽ നിന്ന് മഞ്ഞപ്പാലം- കോട്ടനട വഴി അറപ്പീടികയിലേക്കും, കൈരളി റോഡ് വഴിയും തിരിച്ചുവിടാറുണ്ട്.
എന്നാൽ ബദൽപാതകളുടെ അവസ്ഥയും പരിതാപകരമാണ്. മഞ്ഞപ്പാലം-കോട്ടനട റോഡ് പ്രവൃത്തി പൂർത്തിയാകാത്തതും കൈരളി–കുന്നത്തെരു–നന്മണ്ട റോഡ് പ്രവൃത്തി ആരംഭിക്കാത്തതും യാത്രാക്ലേശം ഉണ്ടാക്കുന്നു. കൈരളി കുന്നത്തെരു-നന്മണ്ട റോഡിന് എം.എൽ.എ. ഫണ്ടിൽനിന്ന് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ റോഡ് മൂന്നു കിലോമീറ്ററാണുള്ളത്. ഇതിൽ 779.58 മീറ്റർ ബാലുശ്ശേരി പഞ്ചായത്ത് വാർഡ് എട്ടിലും, 2.9 കിലോമീറ്റർ നന്മണ്ട പഞ്ചായത്തിലുമാണ്. നന്മണ്ട പഞ്ചായത്തിലെ ഭാഗം നവീകരിച്ചിട്ടുണ്ടെങ്കിലും ബാലുശ്ശേരി പഞ്ചായത്തിലെ 779.53 മീറ്റർ ഭാഗം പൂർണമായി തകർന്നു കിടക്കുകയാണ്. ബാലുശ്ശേരിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എളുപ്പവഴികളിലൊന്നാണിത്. ടൗണിൽ ഗതാഗതതടസ്സമുണ്ടാകുമ്പോൾ കോഴിക്കോട്ടേക്കുള്ള വാഹനങ്ങൾ കൂടുതലായും ഈ വഴിയാണ് ആശ്രയിക്കുന്നത്. എന്നാൽ റോഡിന്റെ ശോച്യാവസ്ഥകാരണം ബദൽപാതയും പ്രയോജനപ്പെടുത്താനാകാത്ത സ്ഥിതിയാണ്.
വൈകീട്ട് ആറു മുതൽ രാത്രി എട്ടു വരെയാണ് ടൗണിൽ ഗതാഗതക്കുരുക്ക് ഏറ്റവും രൂക്ഷമാകുന്നത്. ഈ സമയത്ത് അടിയന്തര ആവശ്യങ്ങൾക്ക് ഓട്ടോ വിളിച്ചാൽപോലും വരാൻ മടിക്കുന്ന സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു. ഗതാഗതക്കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത ബൈപ്പാസ് പദ്ധതിയും ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. മുൻ എംഎൽഎ പുരുഷൻ കടലുണ്ടിയുടെ കാലത്ത് ബൈപ്പാസിനായി 10 കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് തുടർനടപടികൾ തടസ്സപ്പെട്ടു. മുൻ എംഎൽഎ കെ.എം. സച്ചിൻ ദേവിന്റെ കാലത്ത് ഡ്രോൺ സർവേ പൂർത്തിയാക്കി അലൈൻമെന്റ് തയ്യാറാക്കി. കിഫ്ബിക്ക് സമർപ്പിച്ച പദ്ധതിയിൽ ഭൂമി ഏറ്റെടുക്കുന്നതിന് 11.55 കോടി രൂപയുടെ ധനാനുമതിയും ലഭിച്ചിരുന്നു. എന്നാൽ പദ്ധതി ഇതോടെ മുന്നോട്ടുപോയില്ല.
ടൗണിലെ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം കാണണമെന്നും ബദൽ റോഡുകൾ നവീകരിക്കണമെന്നും ബൈപ്പാസ് പദ്ധതിയുടെ തുടർനടപടികൾ വേഗത്തിലാക്കണമെന്നും നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.
Comments (0)