കൊയിലാണ്ടി സ്റ്റേഡിയം പാര്‍ക്കിങ് കേന്ദ്രമാക്കുന്നതിനെതിരെ പ്രതിഷേധം ശക്തം: കായികതലമുറയുടെ അവകാശം സംരക്ഷിക്കണമെന്ന് ആവശ്യം

കൊയിലാണ്ടി: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനെന്ന പേരില്‍ കൊയിലാണ്ടി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ വാഹന പാര്‍ക്കിങ്ങിനായി വിട്ടുനല്‍കാനുള്ള നീക്കത്തിനെതിരെ കായിക പ്രേമികളും വിദ്യാര്‍ത്ഥികളും പ്രതിഷേധം…

കൊയിലാണ്ടി: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനെന്ന പേരില്‍ കൊയിലാണ്ടി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ വാഹന പാര്‍ക്കിങ്ങിനായി വിട്ടുനല്‍കാനുള്ള നീക്കത്തിനെതിരെ കായിക പ്രേമികളും വിദ്യാര്‍ത്ഥികളും പ്രതിഷേധം കടുപ്പിക്കുന്നു. മഴയെത്തുടര്‍ന്ന് നിലവില്‍ സ്റ്റേഡിയം മുഴുവന്‍ വെള്ളക്കെട്ടും ചളിയും നിറഞ്ഞ അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ വാഹനങ്ങള്‍ മൈതാനത്തിനകത്ത് പ്രവേശിപ്പിച്ചാല്‍ മണ്ണ് ഇളകി വലിയ കുഴികളും ചാലുകളും രൂപപ്പെടുമെന്നും, ഇത് സ്റ്റേഡിയത്തെ പൂര്‍ണ്ണമായി തകര്‍ക്കുമെന്നും കായികപ്രേമികള്‍ ആശങ്കപ്പെടുന്നു. നൂറുകണക്കിന് വിദ്യാര്‍ത്ഥികളും യുവാക്കളും കായികതാരങ്ങളും നിത്യേനയുള്ള പരിശീലനത്തിനും മത്സരങ്ങള്‍ക്കുമായി ആശ്രയിക്കുന്ന സ്റ്റേഡിയം. ഓണാവധി കഴിഞ്ഞാലുടന്‍ സബ്ജില്ലാ കായിക മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് അധികൃതരുടെ ഭാഗത്തുനിന്നും ഇങ്ങനെയൊരു നീക്കമുണ്ടാകുന്നത്. പാര്‍ക്കിങ് അനുവദിച്ചാല്‍ ഫുട്‌ബോള്‍ ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ നടത്താന്‍ കഴിയാത്ത തരത്തില്‍ മൈതാനം നശിച്ചുപോകും. എം. എല്‍. എ യുടെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തിലുള്ള സമിതിയാണ് ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ സ്റ്റേഡിയം പാര്‍ക്കിങ് കേന്ദ്രമാക്കാന്‍ തീരുമാനിക്കുന്നത് എന്നാണ് വിവരം.

നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് ബദല്‍ സംവിധാനങ്ങള്‍ കണ്ടെത്തുകയാണ് അധികൃതര്‍ ചെയ്യേണ്ടത്. അതിനായി കായിക ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കേണ്ട സ്റ്റേഡിയത്തിന്റെ പ്രാധാന്യം ഇല്ലാതാക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കുന്നു.’സ്റ്റേഡിയം കളിക്കാനുള്ളതാണ്, വാഹനങ്ങള്‍ നിര്‍ത്താനുള്ളതല്ല’ എന്ന മുദ്രാവാക്യമുയര്‍ത്തി വിദ്യാര്‍ത്ഥികളും കായികപ്രേമികളും ഒറ്റക്കെട്ടായി സമരരംഗത്തുണ്ട്. കായികരംഗത്തോടുള്ള അവഗണനയും കായികപ്രേമികളുടെ അവകാശ നിഷേധവുമായ ഈ തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കണമെന്നും, കൊയിലാണ്ടിയുടെ കായിക സംസ്‌കാരത്തെയും തലമുറയെയും സംരക്ഷിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് എം എല്‍ എ യോടും, കോഴിക്കോട് ജില്ലാ കലക്ടറോട്, ജില്ലാ സ്പോർട്സ് കൗൺസിലിനോടും കൊയിലാണ്ടി സ്റ്റേഡിയം കുട്ടായ്മക്ക് വേണ്ടി ശ്രീലാല്‍ പെരുവട്ടൂര്‍ ആവശ്യപ്പെട്ടു.

The post കൊയിലാണ്ടി സ്റ്റേഡിയം പാര്‍ക്കിങ് കേന്ദ്രമാക്കുന്നതിനെതിരെ പ്രതിഷേധം ശക്തം: കായികതലമുറയുടെ അവകാശം സംരക്ഷിക്കണമെന്ന് ആവശ്യം appeared first on.

Comments (0)