കാട്ടിക്കുളത്ത് വൻ കുഴൽപ്പണ വേട്ട; വടകര, പാനൂർ സ്വദേശികൾ ഉൾപ്പടെ മൂന്നുപേർ പിടിയിൽ
മാനന്തവാടി: വയനാട് തിരുനെല്ലി പൊലീസ് സ്റ്റേഷൻ പരിധിയിലെ കാട്ടിക്കുളത്ത് രേഖകളില്ലാതെ കാറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.44 കോടി രൂപ പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കാറിൽ യാത്ര ചെയ്തിരുന്ന മൂന്ന് പേരെ പൊലീസ്…
മാനന്തവാടി: വയനാട് തിരുനെല്ലി പൊലീസ് സ്റ്റേഷൻ പരിധിയിലെ കാട്ടിക്കുളത്ത് രേഖകളില്ലാതെ കാറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.44 കോടി രൂപ പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കാറിൽ യാത്ര ചെയ്തിരുന്ന മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വടകര അടക്കത്തെരുവ് അമീന കോട്ടേജിൽ പ്രഭുരാജ് (20), കണ്ണൂർ പാനൂർ ഭീമ നിവാസിൽ സ്വപ്നിൽ (23), മഹാരാഷ്ട്ര ഭൽവാണി സ്വദേശി രാഹുൽ (26) എന്നിവരാണ് പിടിയിലായത്.
കർണാടക രജിസ്ട്രേഷനിലുള്ള കാറിൽ സഞ്ചരിക്കവേയാണ് പ്രതികൾ പിടിയിലായത്. ഡ്രൈവറുടെ സീറ്റിന്റെ അടിഭാഗത്ത് പ്രത്യേകം രൂപകൽപന ചെയ്ത രഹസ്യ അറയിലാണ് പണക്കെട്ടുകൾ ഒളിപ്പിച്ചിരുന്നത്. വാഹനം തടഞ്ഞുനിർത്തി നടത്തിയ തന്ത്രപരമായ പരിശോധനയിലാണ് തുക കണ്ടെത്തിയത്.
പിടിച്ചെടുത്ത തുകയ്ക്ക് ആവശ്യമായ രേഖകൾ ഹാജരാക്കാൻ ഇവർക്ക് കഴിയാതിരുന്നതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയും തുടർ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. പണത്തിന്റെ ഉറവിടത്തെക്കുറിച്ചും ഇത് എങ്ങോട്ടാണ് കൊണ്ടുപോയതെന്നതിനെക്കുറിച്ചും തിരുനെല്ലി പൊലീസ് അന്വേഷണം നടത്തിവരികയാണ്.
Comments (0)