ചേവായൂരിൽ കാർ കത്തി വ്യാപാരി മരിച്ച സംഭവത്തിൽ ദുരൂഹത
കോഴിക്കോട്: ചേവായൂരിൽ ഇന്ന് പുലർച്ചെ കാർ കത്തി മധ്യവയസ്കനായ വ്യാപാരി മരിച്ച സംഭവത്തിൽ ദുരൂഹത. കത്തിയ കാറിനരികിൽ നിന്നും പെട്രോൾ കന്നാസ് കണ്ടെത്തിയതാണ് സംഭവത്തിൽ സംശയം വർദ്ധിപ്പിച്ചത്. ഇന്ന് പുലർച്ചെ നാലുമണിക്കും നാലരയ്ക്കും ഇടയിലാണ്…

കോഴിക്കോട്: ചേവായൂരിൽ ഇന്ന് പുലർച്ചെ കാർ കത്തി മധ്യവയസ്കനായ വ്യാപാരി മരിച്ച സംഭവത്തിൽ ദുരൂഹത. കത്തിയ കാറിനരികിൽ നിന്നും പെട്രോൾ കന്നാസ് കണ്ടെത്തിയതാണ് സംഭവത്തിൽ സംശയം വർദ്ധിപ്പിച്ചത്. ഇന്ന് പുലർച്ചെ നാലുമണിക്കും നാലരയ്ക്കും ഇടയിലാണ് കാറുടമയായ സുധാകരൻ എന്ന വ്യാപാരി മരിച്ചത്.
കാർ ഒരു മതിലിൽ ഇടിക്കുകയും ആ ആഘാതത്തിൽ തീപിടിക്കുകയും ചെയ്തുവെന്നായിരുന്നു പ്രാഥമിക നിഗമനം. പൂർണമായും കത്തിനശിച്ച വാഹനത്തിനുള്ളിൽ വെന്തുമരിച്ച നിലയിലാണ് സുധാകരന്റെ മൃതദേഹം കണ്ടെത്താനായത്.
എന്നാൽ വാഹനം മതിലിലിടിച്ച് തീപിടിച്ചതാകാനുള്ള സാധ്യത വിരളമാണെന്നാണ് പൊലീസ് ഇപ്പോൾ സംശയിക്കുന്നത്. അപകടം നടന്ന വാഹനത്തിന് സമീപത്തുനിന്ന് അഞ്ച് ലിറ്റർ കൊള്ളുന്ന പെട്രോൾ കന്നാസ് കണ്ടെത്തിയതാണ് മരണത്തിലെ ദുരൂഹത വർധിപ്പിച്ചത്. ഈ കന്നാസിൽ ഇന്ധനം ഉണ്ടായിരുന്നു എന്ന പ്രാഥമിക വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഇതോടെ അപകടമരണത്തിനപ്പുറം ഇതൊരു ആത്മഹത്യയോ അതോ കൊലപാതകമോ എന്ന സംശയത്തിലാണ് പൊലീസ് എത്തിനിൽക്കുന്നത്. ആരെങ്കിലും അപായപ്പെടുത്താൻ ശ്രമിച്ചതാണോ എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്.
Comments (0)