ഭാര്യയെ ഇറക്കിവിട്ടു, പിന്നാലെ കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമം; കോഴിക്കോട് കുന്നമംഗലത്ത് യുവാവിനെ സാഹസികമായി കീഴടക്കി പൊലീസ്
Attempt Police കോഴിക്കോട് : ( ) കുന്നമംഗലത്ത് കുടുംബ പ്രശ്നങ്ങളെ തുടർന്ന് രണ്ട് കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള യുവാവിന്റെ ശ്രമം പൊലീസും ഫയർഫോഴ്സും ചേർന്ന് പരാജയപ്പെടുത്തി. അഞ്ചും രണ്ടും വയസുള്ള…

കോഴിക്കോട് : ( ) കുന്നമംഗലത്ത് കുടുംബ പ്രശ്നങ്ങളെ തുടർന്ന് രണ്ട് കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള യുവാവിന്റെ ശ്രമം പൊലീസും ഫയർഫോഴ്സും ചേർന്ന് പരാജയപ്പെടുത്തി. അഞ്ചും രണ്ടും വയസുള്ള കുഞ്ഞുങ്ങളെ വീടിനുള്ളിൽ പൂട്ടിയിട്ട ശേഷം ദേഹത്ത് ഡീസൽ ഒഴിച്ചും അടുക്കളയിലെ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടുമാണ് യുവാവ് ജീവനൊടുക്കാൻ നോക്കിയത്.
കുന്നമംഗലം സിഐ കെ.പി. അഭിലാഷിന്റെ നേതൃത്വത്തിലുള്ള പൊലീസും ഫയർഫോഴ്സും ചേർന്നാണ് കുട്ടികളെയും യുവാവിനെയും സാഹസികമായി രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി കമ്പനിമുക്ക് ഈഗിൾ പ്ലാന്റേഷൻ കോളനിയിലാണ് സംഭവം. തർക്കത്തെ തുടർന്ന് ഭാര്യയെ വീട്ടിൽ നിന്ന് ഇറക്കിവിട്ട ശേഷമാണ് യുവാവ് കുഞ്ഞുങ്ങളുമായി ജീവനൊടുക്കാൻ ശ്രമിച്ചത്.
വിവരം ലഭിച്ച ഉടൻ പട്രോൾ സംഘത്തിലെ എഎസ്ഐ പി. സഫിയയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഗ്യാസ് തുറന്നുവിട്ട അവസ്ഥയിലായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. സിഐ അടക്കമുള്ള ഉദ്യോഗസ്ഥർ ഒരു മണിക്കൂറോളം സംസാരിച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വാതിൽ തുറക്കാൻ യുവാവ് തയ്യാറായില്ല.
തുടർന്ന് ഫയർഫോഴ്സും പൊലീസും ചേർന്ന് വീടിന്റെ വാതിൽ പൊളിച്ച് അകത്തുകടന്ന് യുവാവിനെ കീഴടക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ സിഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ജീവൻ അപായപ്പെടുത്താൻ ശ്രമിച്ചതിന് ബിഎൻഎസ് (ഭാരതീയ ന്യായ സംഹിത) പ്രകാരവും കുട്ടികളോട് ക്രൂരമായി പെരുമാറിയതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തു.
സിഐ കെ.പി. അഭിലാഷ്, എഎസ്ഐ പി. സഫിയ, സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്ത്, ഹോംഗാർഡ് മോഹനൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
Comments (0)