കുരുക്ക് മുറുക്കി എം.വി.ഡി; സ്വകാര്യ ബസ് ജീവനക്കാർക്ക് പി.സി.സി നിർബന്ധമാക്കി
കോഴിക്കോട്: സ്വകാര്യ ബസ് ജീവനക്കാരുടെ പശ്ചാത്തലവും മുൻകാല വിവരങ്ങളും പരിശോധിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി) നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ് (എംവിഡി). യാത്രക്കാരോടുള്ള മോശം…
കോഴിക്കോട്: സ്വകാര്യ ബസ് ജീവനക്കാരുടെ പശ്ചാത്തലവും മുൻകാല വിവരങ്ങളും പരിശോധിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി) നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ് (എംവിഡി). യാത്രക്കാരോടുള്ള മോശം പെരുമാറ്റം, റോഡ് നിയമലംഘനം, അപകടകരമായ ഡ്രൈവിങ് തുടങ്ങിയ പരാതികൾ വർധിച്ച സാഹചര്യത്തിലാണ് പരിശോധനകളും നടപടികളും കൂടുതൽ കർശനമാക്കാൻ എംവിഡി തീരുമാനിച്ചത്.
പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ജീവനക്കാരെ സ്വകാര്യ ബസുകളിൽ ജോലിക്ക് നിയോഗിച്ചാൽ ബസ് ഉടമകൾക്കെതിരെയും നടപടി സ്വീകരിക്കും. നിയമം ലംഘിക്കുന്ന ബസ് ഉടമകൾക്ക് 7,500 രൂപ വരെ പിഴ ചുമത്തുന്നതിനൊപ്പം ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് എം.വി.ഡി വ്യക്തമാക്കി.
കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ നിയമലംഘനങ്ങളുടെ പേരിൽ നിരവധി സ്വകാര്യ ബസ് ജീവനക്കാരുടെ ഡ്രൈവിങ് ലൈസൻസുകൾ എംവിഡി റദ്ദാക്കിയിട്ടുണ്ട്. അടുത്തിടെ നടത്തിയ മിന്നൽ പരിശോധനകളിലാണ് ഭൂരിഭാഗം സ്വകാര്യ ബസ് ജീവനക്കാരുടെയും കൈവശം പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തിയത്. ഇതോടെയാണ് പരിശോധനകൾ കൂടുതൽ ശക്തമാക്കാനും നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും വകുപ്പ് തീരുമാനിച്ചത്.
ജീവനക്കാരുടെ മുൻകാല വിവരങ്ങൾ പരിശോധിച്ച് അവരുടെ പശ്ചാത്തലം ഉറപ്പാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമാണ് പിസിസി നിർബന്ധമാക്കുന്നതെന്നാണ് എംവിഡിയുടെ വിശദീകരണം. വരും ദിവസങ്ങളിൽ സ്വകാര്യ ബസുകളിലെ ജീവനക്കാരുടെ രേഖകളും പിസിസിയും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പരിശോധന കൂടുതൽ കർശനമാക്കാനാണ് വകുപ്പിന്റെ തീരുമാനം.
Comments (0)