കൊക്കെയ്ൻ കേസിൽ മലയാളി ഡിജെയും വിദേശികളും പിടിയിൽ

കോഴിക്കോട് :ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ മാരക ലഹരിമരുന്നായ കൊക്കെയ്ൻ പിടികൂടിയ സംഭവത്തിൽ മലയാളി ഡിജെയും വിദേശികളും അടക്കം 7 പേർ കൊച്ചി നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ പിടിയിൽ. ഇതിൽ മൂന്നു പേരെ യുഎഇയിൽ മുൻപ് ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസിൽ…

കോഴിക്കോട് :ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ മാരക ലഹരിമരുന്നായ കൊക്കെയ്ൻ പിടികൂടിയ സംഭവത്തിൽ മലയാളി ഡിജെയും വിദേശികളും അടക്കം 7 പേർ കൊച്ചി നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ പിടിയിൽ. ഇതിൽ മൂന്നു പേരെ യുഎഇയിൽ മുൻപ് ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷിച്ച ശേഷം നാടുകടത്തപ്പെട്ടവരാണ്. ‘ഓപ്പറേഷൻ ഡൊമിനോ’യുടെ ഭാഗമായി 16.55 ലക്ഷം രൂപ വിലവരുന്ന 33.10 ഗ്രാം കൊക്കെയ്ൻ പിടികൂടിയ കേസിലാണു തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ഡിജെ സിദ്ധാർഥ് ദാമോർ, കോഴിക്കോട് ബേപ്പൂർ നോർത്ത് സ്വദേശി ഹംദാൻ അഹമ്മദ്, അരക്കിണർ സ്വദേശി പി.അഫ്‌ലാഹ്, പഞ്ചാബ് കപൂർത്തല സ്വദേശി ഗുർപ്രീത് സിങ്, തമിഴ്നാട് സ്വദേശി അരുൺ രാജ്‌കുമാർ, നൈജീരിയക്കാരി സോണിയ എന്ന ചിസോബ ഹെലൻ ആന്തണി, സിംബാബ്‌വെ സ്വദേശി മുഫുകാരെ വിറ്റാലിസ് ടാഡിസ്വനാഷെ എന്നിവർ അറസ്റ്റിലായത്.

ബെംഗളൂരുവിൽ നിന്നു കേരളത്തിലെ വിവിധ പാർട്ടികൾക്കും മറ്റും ലഹരിമരുന്നു എത്തിക്കുന്ന സംഘമാണിത്. ഗുർപ്രീത് സിങ്, ഹംദാൻ അഹമ്മദ്, പി.അഫ്‌ലാഹ് എന്നിവരെ 8.12 ഗ്രാം കൊക്കെയ്നുമായി ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഈ മാസം പത്തിനാണ് അറസ്റ്റ് ചെയ്തത്. സംഘത്തിൽ പെട്ട സിദ്ധാർഥ് ദമോറിനെ അന്നു തന്നെ തിരുവനന്തപുരത്തു നിന്നു കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റ് ചെയ്തു. ഊട്ടിയിൽ ഒരു റിസോർട്ടിന്റെ ഉടമ കൂടിയായ സിദ്ധാർഥ് ദമോറിന്റെ നേതൃത്വത്തിൽ കേരളത്തിൽ പലയിടത്തും ഡിജെ പാർട്ടികൾ നടക്കാറുണ്ടെന്ന് എൻസിബി വൃത്തങ്ങൾ സൂചിപ്പിച്ചു. ഇയാളെ പിടികൂടിയതിനു പിന്നാലെയാണ് ലഹരിമരുന്നു സംഘത്തിലെ പ്രധാന കണ്ണിയും ബെംഗളൂരുവിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്നയാളുമായ അരുൺ രാജ്‌കുമാറിനെ അറസ്റ്റ് ചെയ്തത്.

വിദേശികളിൽ നിന്നു കൊക്കെയ്ൻ വാങ്ങി ഏജന്റുമാർക്കും ഉപഭോക്താക്കൾക്കും വിതരണം ചെയ്യുന്നത് അരുൺ രാംകുമാറാണെന്ന് എൻസിബി അറിയിച്ചു. ഇരുവരിൽ നിന്നും ലഭിച്ച വിവര പ്രകാരമാണു നൈജീരിയക്കാരിയായ സോണിയ എന്ന ചിസോബ ഹെലൻ ആന്തണിയെ 12 നും സിംബാബ്‌വെ സ്വദേശി മുഫുകാരെ വിറ്റാലിസ് ടാഡിസ്വനാഷെയെ 13 നും ബെംഗളൂരുവിൽ നിന്ന് എൻസിബി അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 16 ഗ്രാം, 8.98 ഗ്രാം വീതം കൊക്കെയ്നും പിടികൂടി. അടിയന്തര മെഡിക്കൽ വീസയിലാണ് ചിസോബ പത്തു വർഷം മുൻപ് ഇന്ത്യയിൽ എത്തിയത്. വിദ്യാർഥി വീസയിലാണ് മുഫുകാരെ ഇന്ത്യയിൽ എത്തിയതെന്നും എൻസിബി വൃത്തങ്ങൾ സൂചിപ്പിച്ചു. പിടിയിലായ സിദ്ധാർഥ് ദാമോർ, ഹംദാൻ അഹമ്മദ്, പി.അഫ്‌ലാഹ് എന്നിവർ മുൻപ് യുഎഇയിൽ ലഹരിമരുന്നു കേസിൽ ശിക്ഷിക്കപ്പെട്ടവരാണെന്നും ഇന്ത്യയിലേക്കു നാടുകടത്തിയ ശേഷം ഇവർ കേസിൽ പിടിയിലായ മറ്റുള്ളവരുമായി ബന്ധം പുതുക്കുകയായിരുന്നുവെന്നും എൻസിബി അറിയിച്ചു.

Comments (0)