മോർഫിങ് കേസ്; ഒരു വിദ്യാർഥികൂടി പിടിയിൽ

കൊച്ചി: തൃക്കാക്കരയിൽ കോളേജ് വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ ഒരു വിദ്യാർത്ഥി കൂടി പോലീസിന്റെ കസ്റ്റഡിയിലായി. ചെങ്ങന്നൂർ സ്വദേശിയും മറ്റൊരു കോളേജിലെ വിദ്യാർത്ഥിയുമായ സനീഷിനെയാണ് പോലീസ്…

കൊച്ചി: തൃക്കാക്കരയിൽ കോളേജ് വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ ഒരു വിദ്യാർത്ഥി കൂടി പോലീസിന്റെ കസ്റ്റഡിയിലായി. ചെങ്ങന്നൂർ സ്വദേശിയും മറ്റൊരു കോളേജിലെ വിദ്യാർത്ഥിയുമായ സനീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊബൈൽ ഫോൺ അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി വരികയാണ്.

കേസിലെ ഒന്നാം പ്രതിയായ തിരുവനന്തപുരം സ്വദേശിയും തൃക്കാക്കര ഭാരതമാതാ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയുമായ ശ്രീഹരിയെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസിന് സനീഷിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. മറ്റ് ചില കോളേജുകളിലെ വിദ്യാർത്ഥികൾ ഉൾപ്പെട്ട സംഘങ്ങളും ഇത്തരം കുറ്റകൃത്യങ്ങളിൽ പങ്കാളികളാണെന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

കോളേജിലെ ഔദ്യോഗിക പരിപാടികളുടെ ചിത്രീകരണ ചുമതലയുണ്ടായിരുന്ന ശ്രീഹരി, ഇത്തരത്തിൽ പകർത്തിയ ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചെന്നാണ് കേസ്. അന്വേഷണം പുരോഗമിക്കവെ പ്രതികൾ ഉപയോഗിച്ചിരുന്ന ടെലഗ്രാം ഗ്രൂപ്പുകൾ പൂർണ്ണമായി ഡിലീറ്റ് ചെയ്തിട്ടുണ്ട്.

ഇത് കേസ് അന്വേഷണത്തിൽ തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. സാമ്പത്തിക ലാഭത്തേക്കാളുപരി പ്രതികളുടെ മാനസിക വൈകൃതമാണ് കുറ്റകൃത്യത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പിടിയിലായ പ്രതികൾ എങ്ങനെയാണ് പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.

Comments (0)