ഗ്യാനേഷ് കുമാർ രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണം; ഗുരുതര ആരോപണങ്ങളുമായി ടിക്കാറാം മീണ

Ram Meena Kumar Commission തിരുവനന്തപുരം: ജനാധിപത്യം അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെച്ച് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് മുൻ കേരള തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ…

Ram Meena Kumar Commission

തിരുവനന്തപുരം: ജനാധിപത്യം അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെച്ച് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് മുൻ കേരള തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാർ വലിയ അപരാധമാണ് ചെയ്തതെന്നും ഉയർന്ന തലത്തിൽ അദ്ദേഹത്തിന് സംരക്ഷണം ലഭിച്ചുവെന്നും ടിക്കാറാം മീണ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത വളരെ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.

‘സ്വേച്ഛാധിപതിയെ പോലെ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നതാണ് അതിന് കാരണം. അത് നിയമവിരുദ്ധമാണ്. ഭൂരിപക്ഷാഭിപ്രായം അനുസരിച്ചായിരിക്കണം തീരുമാനങ്ങൾ. പക്ഷെ അദ്ദേഹം അത് മാനിച്ചില്ല. തിരഞ്ഞെടുപ്പിന്റെ സുതാര്യതയേയും നിക്ഷ്പക്ഷതയേയും സത്യസന്ധതയേയുമെല്ലാം ബാധിക്കുന്ന കാര്യങ്ങളാണിത്,’ എന്നാണ് ടിക്കാറാം മീണ പറഞ്ഞത്.തിരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്രവും സംശുദ്ധവുമായിരിക്കണമെന്ന് ഭരണഘടന തന്നെ പറയുന്നുണ്ടെന്നും എന്നാൽ അത് പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഒരു ഭരണഘടനാ സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഭരിക്കുന്ന പാർട്ടിയും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ എന്താണ് ബന്ധം? എന്തിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് സർക്കാരിന്റെ സംരക്ഷണം? സ്വതന്ത്രമായി പ്രവർത്തിക്കേണ്ട സ്ഥാപനമാണ് അത്. അവർക്ക് സർക്കാരിന്റെയോ ഭരിക്കുന്ന പാർട്ടിയുടേയോ സംരക്ഷണം ആവശ്യമില്ല,’ എന്നും ടിക്കാറാം മീണ പറഞ്ഞു. മുൻ കമ്മീഷണർമാരെല്ലാം ഈ രീതിയാണ് പിന്തുടർന്നിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്യാനേഷ് കുമാർ തന്നോട് ബി.ജെ.പി. സ്ഥാനാർഥിയാകാൻ നിർദേശിച്ചുവെന്ന ജിജി തോംസണിന്റെ വെളിപ്പെടുത്തലും ഗുരുതരമാണെന്ന് ടിക്കാറാം മീണ അഭിപ്രായപ്പെട്ടു. ‘കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായി ഗ്യാനേഷ് കുമാറിന് നല്ല ബന്ധമാണ്. അവർ പരസ്പരം സഹകരിക്കുന്നുണ്ടെന്ന് വ്യക്തമാണ്. മത്സരിക്കാനുള്ള ക്ഷണം കൊടുക്കുന്ന ഗ്യാനേഷ് കുമാറിൽ നിന്ന് നമുക്ക് എങ്ങനെ നിഷ്പക്ഷത പ്രതീക്ഷിക്കാൻ പറ്റും?’ അദ്ദേഹം ചോദിച്ചു.

ഗ്യാനേഷ് കുമാറിന്റെ നടപടികളുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് ടിക്കാറാം മീണയുടെ പ്രതികരണം. എസ്.ഐ.ആറുമായി ബന്ധപ്പെട്ട നടപടികളും ഫോം 6ലെ മാറ്റങ്ങളും ഉൾപ്പെടെ കമ്മീഷന്റെ പ്രവർത്തനരീതിയെക്കുറിച്ച് നേരത്തെയും അദ്ദേഹം വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.


English Summary:

Former Kerala Chief Electoral Officer Teeka Ram Meena has called for Chief Election Commissioner Gyanesh Kumar’s resignation and an apology to the public, alleging serious violations in the functioning of the Election Commission. Meena criticised what he described as unilateral decision-making and questioned the Commission’s relationship with the government and ruling party. He also referred to Jiji Thomson’s alleged disclosure that Gyanesh Kumar had suggested he contest as a BJP candidate, and questioned how impartiality could be expected in such circumstances.

Ram Meena Kumar Commission

Comments (0)