സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെതിരെ പ്രതിഷേധവുമായി കെസിബിസി

കൊച്ചി: അധ്യാപക നിയമനങ്ങൾ സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി കെസിബിസി. എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം, പൊതുനിയമനങ്ങൾ എന്നിവ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ അഡ്വക്കേറ്റ് ജനറലിന് നൽകിയ…

കൊച്ചി: അധ്യാപക നിയമനങ്ങൾ സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി കെസിബിസി.

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം, പൊതുനിയമനങ്ങൾ എന്നിവ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ അഡ്വക്കേറ്റ് ജനറലിന് നൽകിയ നിർദേശം ന്യൂനപക്ഷ മാനേജ്മെന്റ് സ്ഥാപനങ്ങൾക്ക് ആശങ്കയുളവാക്കുന്നുവെന്ന് കെസിബിസി വാർത്താക്കുറിപ്പിൽ പറഞ്ഞു.

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥ നിയമനങ്ങൾ നടത്താനുള്ള അധികാരം മാനേജർക്കാണെന്നിരിക്കെ, ഭിന്നശേഷി നിയമനങ്ങൾക്ക് പുറമെ പൊതു നിയമനങ്ങളും ജില്ലാ സമിതി നിർദേശിക്കുന്നതു പ്രകാരമായിരിക്കണമെന്നാണ് പ്രപ്പോസലിൽ നിർദേശിച്ചിരിക്കുന്നത്.

ഭിന്നശേഷി നിയമനം സംബന്ധിച്ച പ്രതിസന്ധികൾ പരിഹരിക്കുകയാണ് യഥാർഥ ആവശ്യമെന്നിരിക്കെ, അതിന്റെ മറവിൽ പൊതു നിയമനങ്ങളിൽ ഭരണഘടനാ വിരുദ്ധമായ ഇടപെടലുകൾ നടത്താനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നീക്കം പ്രതിഷേധാർഹമാണെന്നും കെസിബിസി വ്യക്തമാക്കി.

ഇപ്പോൾ പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് വച്ചിരിക്കുന്ന പ്രപ്പോസൽ യാതൊരു കാരണവശാലും അന്തിമമായി പരിഗണിക്കപ്പെടാൻ പാടുള്ളതല്ല. കേരളത്തിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന കത്തോലിക്കാ സഭ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുക തന്നെ വേണം. തുടർചർച്ചകളിൽ ന്യൂനപക്ഷ മാനേജ്മെന്റ് പ്രതിനിധികളെയും ഉൾപ്പെടുത്തി ഭരണഘടനാപരവും നീതിയുക്തവുമായ പുതിയ പ്രപ്പോസൽ തയ്യാറാക്കി അഡ്വക്കേറ്റ് ജനറലിന് നൽകണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിനോട് കെസിബിസി ആവശ്യപ്പെട്ടു.

Comments (0)