ട്രാഫിക് നിയമലംഘനങ്ങളിൽ കർശന നടപടിയുമായി സുപ്രിംകോടതി

ന്യൂഡൽഹി: ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ഇ-ചലാൻ പിഴയടയ്ക്കാത്ത വാഹനങ്ങൾ പരിശോധനകളിൽ കണ്ടെത്തിയാൽ പിടിച്ചെടുക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രിംകോടതി നിർദേശം നൽകി. കുടിശ്ശികയുള്ള പിഴ പൂർണമായും അടച്ചുതീർക്കുന്നതുവരെ…

ന്യൂഡൽഹി: ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ഇ-ചലാൻ പിഴയടയ്ക്കാത്ത വാഹനങ്ങൾ പരിശോധനകളിൽ കണ്ടെത്തിയാൽ പിടിച്ചെടുക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രിംകോടതി നിർദേശം നൽകി.

കുടിശ്ശികയുള്ള പിഴ പൂർണമായും അടച്ചുതീർക്കുന്നതുവരെ വാഹനവുമായി ബന്ധപ്പെട്ട ഓൺലൈൻ സേവനങ്ങൾ മരവിപ്പിക്കാനും കോടതി ഉത്തരവിട്ടു. രാജ്യത്താകെ 23,000 കോടിയിലധികം രൂപയുടെ ട്രാഫിക് പിഴ കുടിശ്ശികയായി കിടക്കുന്ന പശ്ചാത്തലത്തിലാണ് സുപ്രിംകോടതിയുടെ കർശന ഇടപെടൽ.

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് 2012 മുതൽ കോടതിയുടെ പരിഗണനയിലുള്ള എസ് രാജശേഖരൻ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിലാണ് സെപ്റ്റംബർ 28ന് ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ച് സുപ്രധാന നിർദേശങ്ങൾ പുറപ്പെടുവിച്ചത്.

നിയമലംഘനം നടത്തുന്നവർക്ക് ലക്ഷക്കണക്കിന് ഇ-ചലാനുകൾ നൽകിയതുകൊണ്ടുമാത്രം കാര്യമില്ലെന്നും ചുമത്തുന്ന പിഴ കൃത്യമായി ഈടാക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് പ്രധാനമെന്നും കോടതി നിരീക്ഷിച്ചു. നിലവിലെ പിഴപ്പിരിവ് രീതികൾ തികച്ചും അപര്യാപ്തമാണെന്നും ബെഞ്ച് വ്യക്തമാക്കി.

പിഴയടയ്ക്കാത്ത വാഹനങ്ങളുടെ ആർസി പുതുക്കൽ, ഡ്യൂപ്ലിക്കേറ്റ് ആർസി അനുവദിക്കൽ, വിലാസം മാറ്റൽ തുടങ്ങിയ സേവനങ്ങൾ തടയണം. കുടിശ്ശിക തീർക്കാതെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കരുത്. ഇത്തരം വാഹനങ്ങളെ പരിവാഹൻ പോർട്ടലിൽ ബ്ലാക്ക്ലിസ്റ്റ് ചെയ്യണമെന്നും ഇതോടെ വാഹനങ്ങളുടെ വിൽപ്പനയും ഉടമസ്ഥാവകാശ കൈമാറ്റവും അസാധ്യമാകുമെന്നും കോടതി ഉത്തരവിട്ടു.

കൂടാതെ പിഴയടക്കാത്ത വാഹനങ്ങൾക്ക് പുകപരിശോധനാ സർട്ടിഫിക്കറ്റ് നൽകരുതെന്നും ആവർത്തിച്ച് നിയമലംഘനം നടത്തുന്നവരുടെ ലൈസൻസ് പുതുക്കുന്നത് തടയുകയും നിലവിലുള്ളത് സസ്പെൻഡ് ചെയ്യുകയും വേണമെന്നും നിർദേശമുണ്ട്.

Comments (0)