രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇന്‍സ്റ്റയില്‍ പോസ്റ്റിട്ടതിന് യുവാവിനെതിരെ കേസ്

പത്തനംതിട്ട :ബലാത്സംഗ കേസുകളിലെ പ്രതിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇന്‍സ്റ്റയില്‍ പോസ്റ്റിട്ടതിന് യുവാവിനെതിരെ കേസ്. മാര്‍ബറോ എന്ന പേരിലുള്ള ഇന്‍സ്റ്റാ അക്കൗണ്ടില്‍ വീഡിയോ പോസ്റ്റ് ചെയ്ത…

പത്തനംതിട്ട :ബലാത്സംഗ കേസുകളിലെ പ്രതിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇന്‍സ്റ്റയില്‍ പോസ്റ്റിട്ടതിന് യുവാവിനെതിരെ കേസ്. മാര്‍ബറോ എന്ന പേരിലുള്ള ഇന്‍സ്റ്റാ അക്കൗണ്ടില്‍ വീഡിയോ പോസ്റ്റ് ചെയ്ത ചിറയിന്‍കീഴ് സ്വദേശി അല്‍ റാഷിദിനെതിരെയാണ് പോലീസ് നടപടി.

പത്തനംതിട്ട അടൂര്‍ പോലീസ് തന്റെ വീട്ടില്‍ എത്തിയതിന്റെ ദൃശ്യം അല്‍ റാഷിദ് പുറത്ത് വിട്ടു. ഭാരതീയ ന്യായസംഹിത 192, 356 (2) കേരള പോലീസ് ആക്ട് 120 (ഒ) വകുപ്പുകള്‍ പ്രകാരമാണ് കേസ്. റാഷിദിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയെന്നും ആരോപണമുണ്ട്.



യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും അശാസ്ത്രീയ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്തെന്നാണ് രാഹുലിനെതിരായ ആദ്യകേസ്. വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്നാണ് രണ്ടാമത്തെ കേസ്. വിദേശത്ത് സ്ഥിരതാമസക്കാരിയായ കോട്ടയം സ്വദേശിനിയെ സംസാരിക്കാനെന്ന വ്യാജേന തിരുവല്ലയിലെ ഹോട്ടലില്‍ വിളിച്ചുവരുത്തി ക്രൂരപീഡനത്തിനിരയാക്കിയതിലാണ് മൂന്നാമത്തെ കേസെടുത്തത്.

ഈ കൃത്യങ്ങളില്‍ തന്നെ വിമര്‍ശിച്ചതിന് രാഹുല്‍ മാങ്കൂട്ടത്തില്‍ 17 പേര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കുന്ന ഇത്തരം പരാതികളില്‍ സംസ്ഥാന വ്യാപകമായി പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കുന്നതും പോലീസ് വീട്ടില്‍ എത്തുന്നതും വ്യാപകമായിരിക്കുകയാണ്.

ഗുരുതരവും ക്രൂരവുമായ ലൈംഗികാതിക്രമങ്ങളും വൈകൃതങ്ങളുമാണ് രാഹുലിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അതിജീവിതമാര്‍ വ്യക്തമാക്കിയിരുന്നു. രാഹുലിന്റെ അനുയായികളില്‍നിന്നുള്ള സൈബര്‍ ആക്രമണങ്ങള്‍ ഇവര്‍ നേരിടുന്നുണ്ടെന്ന് പരാതിയുണ്ട്. എന്നാല്‍ രാഹുലിനെ വിമര്‍ശിക്കാന്‍ പാടില്ലെന്നാണ് ഇപ്പോള്‍ പോലീസ് നിലപാട്.

Comments (0)