എല്ലാ പൊലീസ് സ്റ്റേഷനിലും ഇനി തൂഫാന്‍ മെന്റര്‍: ശാസ്ത്രീയ പരിശീലനം പൂര്‍ത്തിയായി: രമേശ് ചെന്നിത്തല

Chennithala Police Thoofan Operation Hospital Kochi Thoofan Second Phase കൊച്ചി: എല്ലാ പൊലീസ് സ്റ്റേഷനിലും ഇനി തൂഫാന്‍ മെന്ററുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ ഫലപ്രദമായി…


Chennithala Police Thoofan Operation Hospital Kochi Thoofan Second Phase

കൊച്ചി: എല്ലാ പൊലീസ് സ്റ്റേഷനിലും ഇനി തൂഫാന്‍ മെന്ററുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നല്‍കുന്ന 'തൂഫാന്‍ മെന്റര്‍-അമൃത' പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവര്‍ക്കുള്ള ശാസ്ത്രീയ പരിശീലനം പൂര്‍ത്തിയായി. വരുന്ന തലമുറയെ ലഹരിയില്‍ നിന്ന് രക്ഷിക്കുകയെന്ന ധാര്‍മികമായ ഉത്തരവാദിത്തമാണ് 'തൂഫാന്‍ മെന്ററാ'യ പൊലീസിന്റെ ദൗത്യം. സാമൂഹിക ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം ലഹരിയാണ്.

അതിനെ തുരത്തുക തന്നെ വേണം. കൊടുങ്കാറ്റു പോലെ കേരളത്തില്‍ അങ്ങോളമിങ്ങോളം ആഞ്ഞടിക്കുന്ന തൂഫാന്റെ വിജയത്തില്‍ സന്തോഷിക്കുന്ന നിരവധി അമ്മമാരും സഹോദരിമാരുമുണ്ട്.

പൊലീസ് എപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നവരാണ്. എന്തെങ്കിലും ചെയ്താല്‍ അതിക്രമമെന്നും ചെയ്തില്ലെങ്കില്‍ നിഷ്‌ക്രിയമെന്നും പറയും. എന്നാല്‍ ഇപ്പോള്‍ ഓപ്പറേഷന്‍ തൂഫാനിലൂടെ വിമര്‍ശനങ്ങള്‍ക്ക് അതീതമായി ജനങ്ങള്‍ കേരള പൊലീസിനെ മനസിലേറ്റെടുത്തു.

പ്രതി ആരെന്ന് നോക്കാതെ അവര്‍ ചെയ്ത കുറ്റം നോക്കി കൃത്യമായി ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്ന ഉദ്യോഗസ്ഥര്‍ക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുണ്ടാകില്ല. നിങ്ങള്‍ ഇടപെടുന്നത് സമൂഹവുമായും മനുഷ്യരുമായുമാണെന്ന ചിന്തയുണ്ടാകണം. പ്രവര്‍ത്തന മേഖലയില്‍ സത്യസന്ധത പാലിക്കണം.

തൂഫാന്‍ മികച്ച രീതിയില്‍ മുന്നോട്ടു പോകണമെന്ന് സമൂഹം ആഗ്രഹിക്കുന്നുണ്ട്. തൂഫാന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തു തലത്തില്‍ ആരംഭിച്ചു കഴിഞ്ഞു. ലഹരിക്കടിമപ്പെട്ടവരെ ചികിത്സിക്കുന്ന തൂഫാന്‍ കെയര്‍ പദ്ധതിയുമായി സഹകരിക്കാന്‍ ആദ്യം മുന്നോട്ടുവന്നത് അമൃത ആശുപത്രിയാണ്. അവരുടെ കരുതലിന് പ്രത്യേകം അഭിനന്ദിക്കുന്നു.

കേന്ദ്രമന്ത്രി അമിത് ഷാ നരേില്‍ കണ്ടപ്പോള്‍ തൂഫാന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും തന്നെ ദില്ലിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഗാനഗന്ധര്‍വന്‍ യേശുദാസ് തൂഫാനു വേണ്ടി ഗാനം ആലപിച്ച് അയച്ചു തന്നു. സമൂഹത്തില്‍ സമൂലമായ മാറ്റം കൊണ്ടുവരുന്ന തൂഫാനു വേണ്ടി ഓരോരുത്തരും സര്‍ക്കാരിനെ ഇങ്ങോട്ട് സമീപിക്കുകയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

കൊച്ചി അമൃത ആശുപത്രിയിലെ അമൃതായനം, ബി ബ്ലോക്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മാതാ അമൃതാനന്ദമയീ മഠം വൈസ് ചെയര്‍മാനും അമൃത വിശ്വവിദ്യാപീഠം പ്രസിഡന്റുമായ സ്വാമിജി അമൃതസ്വരൂപാനന്ദ പുരി അധ്യക്ഷത വഹിച്ചു. തോക്കും ബോംബുമില്ലാതെ നാടിനെ നശിപ്പിക്കാനായി നമുക്കിടയിലേക്ക് കടന്നുവരുന്ന ലഹരിയുടെ സര്‍വനാശത്തിന് തിരികൊളുത്തിയ പദ്ധതിയാണ് ഓപ്പറേഷന്‍ തൂഫാനെന്ന് സ്വാമി അമൃതസ്വരൂപാനന്ദ പുരി അഭിപ്രായപ്പെട്ടു.

ടി.ജെ വിനോദ് എം.എല്‍.എ, സംസ്ഥാന പൊലീസ് മേധാവി റവാഡ എ. ചന്ദ്രശേഖര്‍, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയന്‍, ഓപ്പറേഷന്‍ തൂഫാന്‍ നോഡല്‍ ഓഫീസര്‍ പുട്ട വിമലാദിത്യ, അമൃത ഹോസ്പിറ്റല്‍സ് പ്രൊവോസ്റ്റ് ആന്‍ഡ് ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍, കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ്. കാളിരാജ് മഹേഷ് കുമാര്‍, ഫ്‌ളവേഴ്സ് ഗ്രൂപ്പ് എം.ഡി ശ്രീകണ്ഠന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് 473 പൊലീസ് ഉദ്യോഗസ്ഥരാണ് തൂഫാന്‍ മെന്റര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തത്.

ചടങ്ങില്‍ 'തൂഫാന്‍ തമ്പി' പദ്ധതി സംബന്ധിച്ച അവതരണവും തൂഫാന്‍-അമൃത വീഡിയോ അവതരണവും നടന്നു. അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍ പ്രിന്‍സിപ്പല്‍ ഡോ. ഗിരീഷ് കുമാര്‍ കെ.പി. സ്വാഗതവും അമൃത ഹോസ്പിറ്റല്‍ പ്രൊഫസറും തൂഫാന്‍ തമ്പി സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്ററുമായ ഡോ. സി. ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.

Chennithala Police Thoofan Operation Hospital Kochi Thoofan Second Phase

Comments (0)