വിവാദമായ പി എസ് സി ആസൂത്രണ ബോര്ഡ് പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു, പരാതിക്കാരന് ഒന്നാം റാങ്ക്
വിവാദമായ പി എസ് സി ആസൂത്രണ ബോര്ഡ് പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു, പരാതിക്കാരന് ഒന്നാം റാങ്ക് തിരുവനന്തപുരം ;58 മാര്ക്കിന്റെ ചോദ്യങ്ങള് മൂല്യ നിര്ണയം നടത്താതെ വിവാദമായ പി എസ് സി ആസൂത്രണ ബോര്ഡ് പരീക്ഷയുടെ പുതുക്കിയ…
വിവാദമായ പി എസ് സി ആസൂത്രണ ബോര്ഡ് പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു, പരാതിക്കാരന് ഒന്നാം റാങ്ക്
തിരുവനന്തപുരം ;58 മാര്ക്കിന്റെ ചോദ്യങ്ങള് മൂല്യ നിര്ണയം നടത്താതെ വിവാദമായ പി എസ് സി ആസൂത്രണ ബോര്ഡ് പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പുറത്തുവന്നു. പരീക്ഷയിലെ മൂല്യനിര്ണയ വീഴ്ച ചൂണ്ടിക്കാട്ടി പരാതി നല്കിയ ശ്യാമിന് പുതിയ പട്ടികയില് ഒന്നാം റാങ്ക് ലഭിച്ചു. നേരത്തെ ഒന്നാം റാങ്ക് നേടിയ ഉദ്യോഗാര്ഥി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
നേരത്തെ മൂല്യനിര്ണയം നടത്താതെ ഒഴിവാക്കിയ ഒന്നാം പേപ്പറിലെ 58 മാര്ക്കിന്റെ ഉത്തരങ്ങള് കൂടി മൂല്യനിര്ണയം നടത്തിയാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോര്ഡിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനായി 2022-ല് പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരീക്ഷ. സ്വന്തക്കാരെ തിരുകിക്കയറ്റാനാണ് മൂല്യ നിര്ണയത്തില് കൃത്രിമം നടത്തിയതെന്നായിരുന്നു ആരോപണം. പട്ടികയില് ഇടതുപക്ഷ സംഘടനകളുമായും നേതാക്കളുമായും ബന്ധമുള്ളവര് ഇടംപിടിച്ചെന്ന ആരോപണവും ഉയര്ന്നിരുന്നു. 58 മാര്ക്കിന്റെ ഉത്തരങ്ങള് മൂല്യനിര്ണയം നടത്താതെ ഒഴിവാക്കപ്പെട്ടതിനെതിരെ ഹൈക്കോടതി രൂക്ഷമായ ഭാഷയില് പ്രതികരിച്ചിരുന്നു.
ഇന്ഡസ്ട്രി ആന്ഡ് ഇന്ഫ്രാസ്ട്രക്ചര് ഡിവിഷന്, പെര്സ്പെക്ടീവ് പ്ലാനിംഗ് ഡിവിഷന്, പ്ലാനിംഗ് കോര്ഡിനേഷന് ഡിവിഷന് എന്നിവിടങ്ങളിലെ തസ്തികകളിലേക്കായിരുന്നു നിയമനം. പരീക്ഷയുടെ ഒന്നാം പേപ്പറിലെ ഒന്പത് മുതല് 18 വരെ ചോദ്യങ്ങളായ 10 വിവരണാത്മക ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് ഡിജിറ്റല് ഓണ്-സ്ക്രീന് മാര്ക്കിങ് സംവിധാനത്തില് മൂല്യനിര്ണയത്തിനായി ഉള്പ്പെടുത്താതിരുന്നത്. ആകെ 58 മാര്ക്കിന്റെ ഉത്തരങ്ങള് ഒഴിവാക്കപ്പെട്ടതോടെ മൂല്യനിര്ണയം അപൂര്ണമാവുകയും ഇതിന്റെ അടിസ്ഥാനത്തില് റാങ്ക് പട്ടിക തയ്യാറാക്കുകയും ചെയ്തു.
റാങ്ക് പട്ടികയില് മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ശ്യാം വിവരാവകാശ നിയമപ്രകാരം (ആര് ടി ഐ) ഉത്തരക്കടലാസിന്റെ പകര്പ്പ് കൈപ്പറ്റി പരിശോധിച്ചതോടെയാണ് വീഴ്ച പുറത്തുവന്നത്. ഇതോടെ പി എസ് സിക്കെതിരെ വിമര്ശനം ഉയര്ന്നു. നേരത്തെ പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക റദ്ദാക്കി, ഒഴിവാക്കപ്പെട്ട ചോദ്യങ്ങള് ഉള്പ്പെടെ എല്ലാ ഉദ്യോഗാര്ഥികളുടെയും ഉത്തരക്കടലാസുകള് പൂര്ണമായി പുനര്മൂല്യനിര്ണയം നടത്താന് പിഎസ്സി തീരുമാനിച്ചു.
2025 മേയില് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ അടിസ്ഥാനത്തില് അതേ വര്ഷം ജൂണില് നിയമനങ്ങള് നടന്നിരുന്നു. ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പി എസ് സി ഉദ്യോഗസ്ഥര്ക്കെതിരെ എഫ് ഐ ആര് രജിസ്റ്റര് ചെയ്തതായും പ്രത്യേക അന്വേഷണസംഘം അന്വേഷണം നടത്തുന്നതായും റിപ്പോര്ട്ടുകളുണ്ട്.
അന്വേഷണവുമായി ബന്ധപ്പെട്ട് പി എസ് സി ഹൈക്കോടതിയെ സമീപിച്ചപ്പോള്, 58 മാര്ക്കിന്റെ ഉത്തരങ്ങള് മൂല്യനിര്ണയം നടത്താതെ ഒഴിവാക്കപ്പെട്ടതെങ്ങനെയെന്ന് കോടതി ചോദ്യം ചെയ്തിരുന്നു. പുനര്മൂല്യനിര്ണയം പൂര്ത്തിയായതോടെ ആസൂത്രണ ബോര്ഡ് പരീക്ഷയുടെ പുതുക്കിയ ചുരുക്കപ്പട്ടികയും അന്തിമ റാങ്ക് പട്ടികകളും പിഎസ്സി ഘട്ടംഘട്ടമായി പ്രസിദ്ധീകരിച്ചുവരികയാണ്.
Comments (0)