ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറം ഒഴിവാക്കി; ഇഷ്ടമുള്ള നിറം തിരഞ്ഞെടുക്കാം
Buses Kerala Colour Code Transport Transport Authority Bus Colour തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് വെള്ള നിറം നിർബന്ധമാക്കിയ കളർ കോഡ് പിൻവലിച്ചു. ഇതോടെ ടൂറിസ്റ്റ് ബസ് ഉടമകൾക്ക് ബസിന് ഇഷ്ടമുള്ള നിറം നൽകാം. ഇതുമായി…
Buses Kerala Colour Code Transport Transport Authority Bus Colour
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് വെള്ള നിറം നിർബന്ധമാക്കിയ കളർ കോഡ് പിൻവലിച്ചു. ഇതോടെ ടൂറിസ്റ്റ് ബസ് ഉടമകൾക്ക് ബസിന് ഇഷ്ടമുള്ള നിറം നൽകാം. ഇതുമായി ബന്ധപ്പെട്ട് സർക്കാർ വിജ്ഞാപനം പുറത്തിറക്കി. അതേസമയം, ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റുമ്പോഴും ഹൈക്കോടതി നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പൂർണമായി പാലിക്കണമെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.
ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറം മാറ്റുന്നതിന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി നേരത്തെ അനുമതി നൽകിയിരുന്നു. 2022ലെ വടക്കാഞ്ചേരി അപകടത്തെ തുടർന്നാണ് ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത കളർ കോഡ് കൊണ്ടുവന്നത്. അന്ന് ഗതാഗത മന്ത്രി ആന്റണി രാജുവും സർക്കാറും ചേർന്ന് പുറത്തിറക്കിയ ഉത്തരവിന് കോടതി അംഗീകാരം നൽകുകയും ചെയ്തിരുന്നു.
2021 ആഗസ്റ്റ് 11ലെ കളർ കോഡ് തീരുമാനം ട്രാൻസ്പോർട്ട് അതോറിറ്റി പുനഃപരിശോധിക്കണമെന്ന് പുതിയ വിജ്ഞാപനത്തിൽ പറയുന്നു. ആൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് (പെർമിറ്റ്) റൂൾസ്, 2023 കണക്കിലെടുത്ത് ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കണമെന്നും സർക്കാർ നിർദേശിച്ചു. റോഡ് സുരക്ഷ മുൻനിർത്തിയുള്ള 2019ലെ ഹൈക്കോടതി വിധിയും നിർദേശങ്ങളും പൂർണമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
നേരത്തെ ടൂറിസ്റ്റ് ബസുകൾക്ക് വെള്ള നിറവും ഡ്രൈവിങ് സ്കൂളുകളിലെ വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞ നിറവും നൽകാനായിരുന്നു ഉത്തരവ്. റോഡ് സുരക്ഷയും വാഹനങ്ങളുടെ നിറവും തമ്മിൽ ബന്ധമില്ലെന്നും ഏകീകൃത നിറം തങ്ങളുടെ വ്യവസായത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി ബസ് ഉടമകൾ എസ്.ടി.എയ്ക്ക് പരാതി നൽകിയിരുന്നു. എന്നാൽ കുറച്ചുപേർ നിറം മാറ്റം അംഗീകരിച്ചതിനെ തുടർന്ന് ഉത്തരവ് നടപ്പാക്കുകയായിരുന്നു.
ടൂറിസ്റ്റ് ബസുകളുടെ ബോഡിയിലും ഗ്ലാസിലും സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ ഭീമൻ ചിത്രങ്ങളും എഴുത്തുകളും അനുവദിക്കാനാകില്ലെന്ന് 2019 ഒക്ടോബർ ഒന്നിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് കൂടി പരിഗണിച്ചാണ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ടൂറിസ്റ്റ് ബസുകൾക്ക് വെള്ള നിറം കർശനമാക്കിയത്.
കെ.ബി. ഗണേഷ് കുമാർ ഗതാഗത മന്ത്രിയായതിനു ശേഷം ടൂറിസ്റ്റ് ബസ് ഉടമകൾ വെള്ള നിറത്തിനെതിരെ എതിർപ്പ് അറിയിക്കുകയും തുടർന്ന് പെറ്റീഷൻ എസ്.ടി.എയിലെത്തുകയും ചെയ്തു. കേരള മോട്ടോർ വെഹിക്കിൾ ആക്ടിൽ ഭേദഗതി വരുത്തി സർക്കാറിന് തീരുമാനം എടുക്കാമെന്നും ട്രാൻസ്പോർട്ട് അതോറിറ്റിക്ക് എതിർപ്പില്ലെന്നുമാണ് അന്ന് റിപ്പോർട്ട് നൽകിയത്.അതേസമയം, ടൂറിസ്റ്റ് ബസുകൾക്ക് വെള്ള നിറം ഏർപ്പെടുത്തിയതിന് ശേഷം വലിയ അപകടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ.
Buses Kerala Colour Code Transport Transport Authority Bus Colour
Comments (0)