ജുവനൈൽ കേസുകളിലെ പ്രായപരിധി 18-ൽ നിന്ന് 16 ആക്കി കുറയ്ക്കുന്നത് പരിഗണിക്കണം; സുപ്രധാന നിരീക്ഷണവുമായി കേരള ഹൈക്കോടതി

​ കൊച്ചി: ജുവനൈൽ കേസുകളിലെ പ്രായപരിധി 18 വയസ്സിൽ നിന്നും 16 വയസ്സാക്കി മാറ്റുന്നത് പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി. നിലവിലെ സാഹചര്യം വിലയിരുത്തുമ്പോൾ 16 വയസ്സിൽ കുട്ടികൾക്ക് മതിയായ മാനസിക വളർച്ചയും പക്വതയും കൈവരുന്നുണ്ടെന്നും,…


​ കൊച്ചി: ജുവനൈൽ കേസുകളിലെ പ്രായപരിധി 18 വയസ്സിൽ നിന്നും 16 വയസ്സാക്കി മാറ്റുന്നത് പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി. നിലവിലെ സാഹചര്യം വിലയിരുത്തുമ്പോൾ 16 വയസ്സിൽ കുട്ടികൾക്ക് മതിയായ മാനസിക വളർച്ചയും പക്വതയും കൈവരുന്നുണ്ടെന്നും, കാലാനുസൃതമായി ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുന്നത് സംസ്ഥാന-കേന്ദ്ര നിയമനിർമ്മാണ സഭകൾ ആലോചിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് ഈ സുപ്രധാന നിരീക്ഷണം.​പ്രായപരിധി എന്നത് ഗുരുതരമായ കേസുകളിൽ നിന്നും രക്ഷപ്പെടാനുള്ള പഴുതായി മാറുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമപരമായ ഈ പരിമിതി കാരണം പല കേസുകളിലും കോടതിക്ക് കർശന നടപടിയെടുക്കാൻ കഴിയാതെ വരികയാണ്. വൈകാരികമായ നിലപാടുകളെടുക്കാൻ കോടതിക്ക് കഴിയില്ലെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. പൊതുസമൂഹത്തിൽ നിന്നും പലവട്ടം ഉയർന്നുവന്ന ഈ ആവശ്യത്തിലാണ് ഇപ്പോൾ ഹൈക്കോടതി കൂടി അനുകൂലമായ സമീപനം കൈക്കൊണ്ടിരിക്കുന്നത്.​23 വയസ്സിന് താഴെയുള്ളവർക്ക് മദ്യം നൽകുന്നത് കർശനമായി തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഈ പരാമർശം. പ്രായപൂർത്തിയാകാത്തവർ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്നതും കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്നതും സമൂഹത്തിൽ വലിയ ചർച്ചയായ പശ്ചാത്തലത്തിലാണ് കോടതിയുടെ ഇടപെടൽ. നെടുമ്പാശ്ശേരിയിൽ 19-കാരൻ മദ്യപിച്ച് കാറോടിച്ച് മൂന്ന് പേർ മരിച്ച സംഭവവും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.​നേരത്തെ തിരുവനന്തപുരം പാങ്ങപ്പാറയിൽ 17 വയസ്സുകാരനെ മറ്റൊരു 17-കാരൻ കൊലപ്പെടുത്തിയ കേസിലും, ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ ചേരാനല്ലൂർ വാഹനാപകട കേസിലും ഈ വിഷയം വലിയ ചർച്ചയായിരുന്നു. ചേരാനല്ലൂർ കേസിലെ പ്രതിയായ 17 വയസ്സുകാരനെ ജയിലിലടയ്ക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ കുടുംബവും പൊതുസമൂഹവും ശക്തമായ പ്രതിഷേധവും വൈകാരിക പ്രതികരണങ്ങളും രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താണ് നിയമഭേദഗതി സംബന്ധിച്ച ആലോചനകൾക്ക് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.

Comments (0)