കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി; സൂപ്രണ്ട് റിപ്പോർട്ട് തേടി
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതിയിൽ ആശുപത്രി സൂപ്രണ്ട് റിപ്പോർട്ട് തേടി. ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ വടകര മന്ദരത്തൂർ സ്വദേശി തങ്കമണിയാണ് മരിച്ചത്. ബന്ധുക്കളുടെ പരാതിയുടെ…
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതിയിൽ ആശുപത്രി സൂപ്രണ്ട് റിപ്പോർട്ട് തേടി. ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ വടകര മന്ദരത്തൂർ സ്വദേശി തങ്കമണിയാണ് മരിച്ചത്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ഗൈനക്കോളജി വിഭാഗം മേധാവിയിൽ നിന്നാണ് ആശുപത്രി സൂപ്രണ്ട് ഔദ്യോഗികമായി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കർശന നിർദ്ദേശം നൽകിയിട്ടുള്ളത്.
ഗർഭാശയത്തിൽ മുഴ കണ്ടെത്തിയതിനെ തുടർന്ന് ഈ മാസം അഞ്ചാം തീയതിയാണ് തങ്കമണി ശസ്ത്രക്രിയയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയത്. തുടർന്ന് എട്ടാം തീയതി ശസ്ത്രക്രിയ വിജയകരമായി നടത്തി. തൊട്ടടുത്ത ദിവസം ഇവരെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് (ഐ.സി.യു) സാധാരണ വാർഡിലേക്ക് മാറ്റിയിരുന്നു. എന്നാൽ അന്ന് വൈകീട്ട് മുതൽ തങ്കമണിക്ക് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടുതുടങ്ങിയെന്നാണ് ബന്ധുക്കളുടെ പ്രധാന പരാതി.
തുടർന്ന് വയറിളക്കം രൂക്ഷമാവുകയും രക്തം ഛർദ്ദിക്കുകയും ചെയ്തതോടെ ആരോഗ്യനില ഗുരുതരമാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. ഇതിനുപിന്നാലെ വീണ്ടും അടിയന്തര ശസ്ത്രക്രിയയ്ക്കും വിധേയയാക്കി. ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്കിടെ അണുബാധ ഉണ്ടായെന്ന് ഡോക്ടർമാർ പിന്നീട് സമ്മതിച്ചതായി കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മെഡിക്കൽ കോളേജ് പോലീസിൽ ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു.
Comments (0)