വടകര എംഡിഎംഎ കേസ്: മലബാറിലെ മൊത്തവിതരണക്കാരനായ മുഖ്യപ്രതി പിടിയിൽ

വടകര: വടകരയിലെ എംഡിഎംഎ കേസിൽ നിർണായക വഴിത്തിരിവ്. കേസിലെ പ്രധാന പ്രതിയും മലബാറിലെ എംഡിഎംഎ മൊത്തവിതരണക്കാരനുമായ പേരാമ്പ്ര മേഞ്ഞാണ്യം കാരേപ്പൊയിൽ ഫിറോസ് (28) പിടിയിലായി. കഴിഞ്ഞ ദിവസം കൂത്താളിയിൽ നിന്ന് പിടിയിലായ അനസിന്റെ പ്രധാന കൂട്ടാളിയാണ്…

വടകര: വടകരയിലെ എംഡിഎംഎ കേസിൽ നിർണായക വഴിത്തിരിവ്. കേസിലെ പ്രധാന പ്രതിയും മലബാറിലെ എംഡിഎംഎ മൊത്തവിതരണക്കാരനുമായ പേരാമ്പ്ര മേഞ്ഞാണ്യം കാരേപ്പൊയിൽ ഫിറോസ് (28) പിടിയിലായി.

കഴിഞ്ഞ ദിവസം കൂത്താളിയിൽ നിന്ന് പിടിയിലായ അനസിന്റെ പ്രധാന കൂട്ടാളിയാണ് ഫിറോസ്. എംഡിഎംഎ കേസിൽ കർണാടക ജയിലിൽ കഴിയുന്ന ചങ്ങരോത്ത് പുറവൂർ സ്വദേശി പൊൻ അജ്മലിന്റെ ഏറ്റവും അടുത്ത സഹായിയുമാണ് ഇയാൾ.

കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചതും അധ്യാപികമാരെ കേസിൽ ഉൾപ്പെടുത്തിയതിന് പിന്നിൽ പ്രവർത്തിച്ചതും ഫിറോസാണെന്ന് പോലീസ് വ്യക്തമാക്കി. വയനാട് സ്വദേശി ഷിന്റോ ഷിജുവുമായി നേരിട്ട് ഇടപാടുകൾ നടത്തിയിരുന്നതും ഇയാളാണ്.

മുൻപ് മൊടക്കല്ലൂരിലെ ലോഡ്ജിൽ യുവതിയോടൊപ്പം എംഡിഎംഎയുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായിട്ടുള്ളയാളാണ് ഫിറോസ്. ജാമ്യത്തിൽ ഇറങ്ങിയ ശേഷം വീണ്ടും മയക്കുമരുന്ന് ഇടപാടുകൾ സജീവമാക്കുകയായിരുന്നു.

റൂറൽ എസ്പിയുടെ ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പേരാമ്പ്ര ചെമ്പ്ര റോഡിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. പേരാമ്പ്ര ഇൻസ്പെക്ടർ കെ.എം. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്ത് വടകര പോലീസിന് കൈമാറി.

Comments (0)