പ്രവാസികൾക്ക് ആശ്വാസം; ശമ്പളത്തിന് അനൂപാതികമായി ഫീസ് ഇടാക്കണമെന്ന നിർദ്ദേശം ബഹ്റൈൻ സർക്കാർ തള്ളി

സ്വദേശിവത്ക്കരണ ക്വാട്ടയ്ക്ക് പുറത്ത് വിദേശ തൊഴിലാളികളെ നിയമിക്കുമ്പോൾ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്ന ഫീസ് ഈടാക്കണമെന്ന പാർലമെന്റിന്റെ നിർദേശം ബഹ്റൈൻ സർക്കാർ തള്ളി. ശമ്പളത്തിനനുസരിച്ച് ഫീസ് നിശ്ചയിക്കുന്നത് സാമ്പത്തിക…

സ്വദേശിവത്ക്കരണ ക്വാട്ടയ്ക്ക് പുറത്ത് വിദേശ തൊഴിലാളികളെ നിയമിക്കുമ്പോൾ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്ന ഫീസ് ഈടാക്കണമെന്ന പാർലമെന്റിന്റെ നിർദേശം ബഹ്റൈൻ സർക്കാർ തള്ളി. ശമ്പളത്തിനനുസരിച്ച് ഫീസ് നിശ്ചയിക്കുന്നത് സാമ്പത്തിക കൃത്രിമത്വങ്ങൾക്കും തൊഴിൽ അനുമതി അപേക്ഷകൾ വൈകുന്നതിനും കാരണമാകുമെന്ന് വിലയിരുത്തിയാണ് സർക്കാർ നീക്കം.

നിലവിൽ 500 ബഹ്റൈൻ ദിനാറാണ് ഇതിനായി ഈടാക്കുന്നത്. എന്നാൽ തൊഴിലാളികളുടെ പ്രതിമാസ വേതനത്തിനനുസരിച്ച് ഫീസ് 500 മുതൽ 2,500 ദിനാർ വരെയായി ഉയർത്തണമെന്നായിരുന്നു പാർലമെന്റിന്റെ ശുപാർശ. എന്നാൽ നിലവിലുള്ള ഇലക്ട്രോണിക് സംവിധാനമാണ് കൂടുതൽ പ്രായോഗികമെന്നും അത് സ്വദേശിവൽക്കരണ നിയമങ്ങൾ പാലിക്കാൻ സ്ഥാപനങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും പാർലമെന്റ്, ശൂറ കൗൺസിൽ കാര്യ മന്ത്രി ഘാനിം അൽ ബുഐനാൻ വ്യക്തമാക്കി. തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ രംഗം ക്രമീകരിക്കുന്നതിനായി കൃത്യമായ കണക്കെടുപ്പുകൾ നടത്തുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.

തൊഴിൽ വികസന ഏജൻസിയായ 'തംകീന്റെ' വേതനസഹായം നേരിട്ട് തൊഴിലാളികൾക്ക് നൽകണമെന്ന നിർദേശവും സർക്കാർ നിരസിച്ചു. വേതനം ബാങ്ക് വഴി നൽകിയതിന്റെ രേഖകൾ പരിശോധിച്ച ശേഷമാണ് തംകീൻ തൊഴിലുടമകൾക്ക് ഫണ്ട് അനുവദിക്കുന്നത്. സഹായം നേരിട്ട് തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് നൽകുന്നത് കരാർ ബാധ്യതകളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ചില തൊഴിലുടമകൾക്ക് അവസരമൊരുക്കുമെന്നും അത് വിപരീത ഫലം ചെയ്യുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

Comments (0)