ലേബര്‍ കോഡ് - ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു

Government Union Satheesan Krishna Chandrasekharan തിരുവനന്തപുരം: ലേബര്‍ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിശദമായി പരിശോധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതി…


Government Union Satheesan Krishna Chandrasekharan

തിരുവനന്തപുരം: ലേബര്‍ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിശദമായി പരിശോധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി വി.ഡി സതീശന്റെ അധ്യക്ഷതയില്‍ സെക്രട്ടറിയേറ്റില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ 22 ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ പങ്കെടുത്തു. ലേബര്‍ കോഡിന്റെ അനുബന്ധമായി സംസ്ഥാന ചട്ടങ്ങള്‍ രൂപപ്പെടുത്തുന്നതിലേക്ക് ആവശ്യമായ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയാണ് കമ്മിറ്റിയുടെ ചുമതല.

തൊഴില്‍ വകുപ്പ് സെക്രട്ടറി കണ്‍വീനറായും നിയമ വകുപ്പ് അഡീഷണല്‍ സെക്രട്ടറി അംഗമായും പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയില്‍ വിവിധ തൊഴിലാളി യൂണിയനുകളില്‍ നിന്നുള്ള ഏഴ് പ്രതിനിധികളും തൊഴില്‍ വകുപ്പിലെ ഉദ്യോഗസ്ഥരും ഉണ്ടാകും. സമിതി രൂപീകരിച്ച് 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ലേബര്‍ കോഡില്‍ തൊഴിലാളികളുടെ പരിധി നിര്‍ണയിച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ഈ പരിധി കുറയ്ക്കണമെന്ന ആവശ്യവും കേന്ദ്രത്തിനു മുന്നില്‍ ഉന്നയിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. തൊഴിലാളികളുടെ അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

ഇക്കാര്യത്തില്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. 2021ല്‍ തയ്യാറാക്കിയ ഡ്രാഫ്റ്റില്‍ ആവശ്യമായ ഭേദഗതികള്‍ നിര്‍ദേശിക്കുന്നതിന് തൊഴിലാളി യൂണിയനുകള്‍ക്ക് അവസരം നല്‍കും. പ്രത്യേക കമ്മിറ്റി തയ്യാറാക്കുന്ന കരട് നിര്‍ദേശങ്ങള്‍ എല്ലാ ട്രേഡ് യൂണിയനുകള്‍ക്കും കൈമാറും.

കൂടാതെ, കമ്മിറ്റിയുടെ സിറ്റിങ്ങുകളില്‍ നേരിട്ട് പങ്കെടുത്ത് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കുന്നതിന് മറ്റ് ട്രേഡ് യൂണിയനുകള്‍ക്കും അവസരമുണ്ടാകും. തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കണമെന്ന കാര്യത്തില്‍ യോഗത്തില്‍ പങ്കെടുത്ത എല്ലാ ട്രേഡ് യൂണിയനുകളും പൊതുവായ നിലപാടാണ് സ്വീകരിച്ചത്.

പ്രത്യേക സമിതി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെയും തൊഴിലാളി യൂണിയനുകള്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും ലേബര്‍ കോഡുകളുടെ അന്തിമ ചട്ടങ്ങള്‍ സംസ്ഥാനം തയ്യാറാക്കി പ്രസിദ്ധീകരിക്കുക. ഐഎന്‍ടിയുസിയെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പങ്കെടുത്തു.



Government Union Satheesan Krishna Chandrasekharan

Comments (0)