സംസ്ഥാന സ്‌കൂള്‍ കായികമേള: ട്രാക്കിലെ മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജ്ജമേകി ആറ് വേറിട്ട ശബ്ദങ്ങള്‍

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ശബ്ദം കൊണ്ട് ആവേശം തീര്‍ക്കുകയാണ് നാരായണന്‍ നമ്പൂതിരിയും സംഘവും. പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുള്ള ഇവരാണ് മത്സരരംഗത്തെ ഓരോ ചലനവും കാണികളിലേക്കെത്തിക്കുന്നത്. ശബ്ദവിവരണങ്ങള്‍ക്കൊണ്ട് കായികതാരങ്ങള്‍ക്ക്…

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ശബ്ദം കൊണ്ട് ആവേശം തീര്‍ക്കുകയാണ് നാരായണന്‍ നമ്പൂതിരിയും സംഘവും. പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുള്ള ഇവരാണ് മത്സരരംഗത്തെ ഓരോ ചലനവും കാണികളിലേക്കെത്തിക്കുന്നത്. ശബ്ദവിവരണങ്ങള്‍ക്കൊണ്ട് കായികതാരങ്ങള്‍ക്ക് ഊര്‍ജ്ജവും ആത്മവിശ്വാസവും പകരുന്നതിനൊപ്പം കാണികളിലും ആവേശത്തിരയിളക്കുകയാണ് ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധേയരായ ഈ അനൗണ്‍സര്‍മാര്‍.

കോമണ്‍വെല്‍ത്ത്, സാഫ് ഗെയിംസുകളില്‍ സാന്നിധ്യമറിയിച്ച തൃശൂര്‍ സ്വദേശിയും മുന്‍ കായികാധ്യാപകനുമായ നാരായണന്‍ നമ്പൂതിരി 37 വര്‍ഷമായി സ്‌കൂള്‍ കായികമേളകളില്‍ അനൗണ്‍സറായി പ്രവര്‍ത്തിച്ചുവരികയാണ്. അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക അനൗണ്‍സര്‍മാരായ തിരുവനന്തപുരം സ്വദേശികളായ ശ്രീകുമാരന്‍ എം. നായരും ഡോ. അഭിലാഷ് ശിവരാമനുമാണ് സംഘത്തിലുള്ള മറ്റുരണ്ടുപേര്‍. ശ്രീകുമാരന്‍ നായര്‍ രണ്ട് പതിറ്റാണ്ടിലേറെയായി കായികമേളകളില്‍ ശബ്ദസാന്നിധ്യമാണ്. ഡോ. അഭിലാഷിന് ഒരു പതിറ്റാണ്ടിന്റെ പരിചയസമ്പത്തുണ്ട്.

മുന്‍ കായികാധ്യാപികയായ ആലപ്പുഴ സ്വദേശി ഗ്രിസില്‍ഡ സേവ്യറും രണ്ട് പതിറ്റാണ്ടിലേറെയായി ഈ രംഗത്ത് സജീവമാണ്. ആകാശവാണി അനൗണ്‍സറും കായികാധ്യാപകനുമായ കൊല്ലം സ്വദേശി ബി. ജയകുമാര്‍, എ.എഫ്.ഐ.സ്റ്റേഡിയം അനൗണ്‍സറും കായികാധ്യാപകനുമായ മലപ്പുറം സ്വദേശി ഡോ. ശുക്കൂര്‍ ഇല്ലത്ത് എന്നിവരും ടീമിന്റെ ഭാഗമാണ്. മത്സരങ്ങള്‍ നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, കാണികളുടെയും താരങ്ങളുടെയും ഹൃദയമിടിപ്പിനൊപ്പം താളമിട്ട് മൈതാനത്ത് ആവേശമായി പടരുകയാണ് ഈ ശബ്ദങ്ങള്‍.

The post സംസ്ഥാന സ്‌കൂള്‍ കായികമേള: ട്രാക്കിലെ മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജ്ജമേകി ആറ് വേറിട്ട ശബ്ദങ്ങള്‍ appeared first on.

Comments (0)