പഞ്ചാബിൽ കർമഭൂമി എക്സ്പ്രസിന് തീപിടിച്ചു; നാല് കോച്ചുകൾക്ക് തീപിടിച്ചതായി റിപ്പോർട്ട്, ആളപായമില്ലെന്ന് റെയിൽവേ

​ പഞ്ചാബ്: പഞ്ചാബിൽ ട്രെയിനിൽ വൻ തീപിടിത്തം. അമൃത്സറിൽ നിന്നും പശ്ചിമ ബംഗാളിലെ സിലിഗുരി ജംഗ്ഷനിലേക്ക് പോവുകയായിരുന്ന 12524 കർമഭൂമി എക്സ്പ്രസിനാണ് തീപിടിച്ചത്. രാജ്പുരയ്ക്ക് സമീപം വെച്ചാണ് ട്രെയിനിൽ അഗ്നിബാധയുണ്ടായത്. സംഭവത്തിൽ നാല്…


​ പഞ്ചാബ്: പഞ്ചാബിൽ ട്രെയിനിൽ വൻ തീപിടിത്തം. അമൃത്സറിൽ നിന്നും പശ്ചിമ ബംഗാളിലെ സിലിഗുരി ജംഗ്ഷനിലേക്ക് പോവുകയായിരുന്ന 12524 കർമഭൂമി എക്സ്പ്രസിനാണ് തീപിടിച്ചത്. രാജ്പുരയ്ക്ക് സമീപം വെച്ചാണ് ട്രെയിനിൽ അഗ്നിബാധയുണ്ടായത്. സംഭവത്തിൽ നാല് കോച്ചുകൾക്ക് തീ പിടിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.​വെള്ളിയാഴ്ചകളിൽ മാത്രം സർവീസ് നടത്തുന്ന പ്രത്യേക ട്രെയിനിലാണ് അപകടമുണ്ടായത്. ദീപാവലി ആഘോഷങ്ങൾക്കായി സ്വന്തം വീടുകളിലേക്ക് മടങ്ങിയിരുന്ന നിരവധി യാത്രക്കാരാണ് ഈ ട്രെയിനിൽ ഉണ്ടായിരുന്നത്. ഒരു കോച്ചിലെ ഫാനിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന വിശദീകരണം. ട്രെയിനിനുള്ളിൽ തീ പടർന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ലോക്കോ പൈലറ്റ് വണ്ടി നിർത്തിയിടുകയായിരുന്നു.​തീ പടർന്നതോടെ പരിഭ്രാന്തരായ നിരവധി യാത്രക്കാർ ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടുന്നത് കണ്ടതായി ദൃക്സാക്ഷികൾ വ്യക്തമാക്കി. തീപിടിത്തത്തിൽ മൂന്ന് കോച്ചുകൾ പൂർണ്ണമായി കത്തിനശിച്ചു. നാലാമത്തെ കോച്ചിലേക്ക് തീ പടരുന്നതിനിടയിൽ ഫയർഫോഴ്സും റെയിൽവേയും ചേർന്ന് തീയണച്ച് സ്ഥിതി നിയന്ത്രണവിധേയമാക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയുണ്ടായ തീപിടിത്തത്തിൽ ചില യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ട്രെയിനിൽ നിന്നു മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു.

Comments (0)